ജയ്പൂർ: ​രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ  രാജ്യസഭാ സ്ഥാനാർത്ഥിയായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗ് നാമനിര്‍ദ്ദേശ പ്രതിക സമർപ്പിച്ചു. ജയ്പൂരിലെത്തിയാണ് സിം​ഗ് പത്രിക സമർപ്പിച്ചത്. വിമാനമാർ​ഗം ജയ്പൂരിലെത്തിയ അദ്ദേഹത്തെ സംസ്ഥാന ഉപമുഖ്യമന്ത്രിയും കോൺ​ഗ്രസ് പ്രസിഡന്റുമായ സച്ചിൻ പൈലറ്റ് സ്വീകരിച്ചു. ബിജെപിയുടെ രാജ്യസഭാ എംപി മ​ദൻലാൽ സെയ്‍നി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മൻമോഹൻ സിം​ഗ് സ്ഥാനാർത്ഥിയാകുന്നത്.

100 എം‌എൽ‌എമാർ, 12 സ്വതന്ത്രർ, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിലെ ആറ് എം‌എൽ‌എമാർ എന്നിവരുടെ പിന്തുണയോടെയാണ് സിം​ഗ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. അതേസമയം, ബിജെപി ഇതുവരെ രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രാജസ്ഥാൻ നിയമസഭയിൽ  ബിജെപിക്ക് 73 എം‌എൽ‌എമാരാണുള്ളത്.

1991 മുതൽ ആസാമിൽ നിന്നുള്ള രാജ്യസഭാം​ഗമായിരുന്ന സിം​ഗ് യുപിഎ സർക്കാരിന്റെ കീഴിൽ 10 വർഷം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.