ദില്ലി: നീതി ആയോഗ് യോഗത്തിന് മുന്നോടിയായി മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ്‌  മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും യോഗത്തിൽ പങ്കെടുത്തു.

നീതി ആയോഗ് യോഗത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ  ചർച്ച ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്‌, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവർ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് യോഗത്തിന് എത്തിയില്ല. 

നീതി ആയോഗിന്‍റെ അഞ്ചാമത് യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ദില്ലിയിൽ ചേരും. സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉൾപ്പടെയുള്ളവര്‍ യോഗത്തിൽ പങ്കെടുക്കും. കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റം, വരൾച്ച നേരിടുന്നതിനുള്ള ആശ്വാസ പദ്ധതികൾ, മാവോയിസ്റ്റ് സ്വാധീന ജില്ലകളിലെ വികസനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിലെ അജണ്ടയിലുള്ളത്. 

കഴിഞ്ഞ നാല് യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിന്‍റെ പുരോഗതി യോഗം വിലയിരുത്തും. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കും. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗം ബഹിഷ്കരിക്കും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ടും യോഗത്തിൽ പങ്കെടുത്തേക്കില്ല.