എബിവിപിയുടെ പ്രതിഷേധത്തിന് പിന്നാലെ അരുന്ധതി റോയിയുടെ ബുക്ക് സിലബസില്‍ നിന്ന് പിന്‍വലിച്ച് തമിഴ്നാട്ടിലെ സര്‍വ്വകലാശാല. തിരുനെല്‍വേലിയിലെ മനോന്‍മണിയം സുന്ദരനാര്‍ സര്‍വ്വകലാശാലയാണ് ബുക്കര്‍ പ്രൈസ് ജേതാവായ അരുന്ധതി റോയിയുടെ  വാക്കിംഗ് വിത്ത് ദി കൊമ്രേഡ്സ് എന്ന ബുക്ക് സിലബസില്‍ നിന്ന് പിന്‍വലിച്ചത്. ഇന്ത്യയിലെ കാടുകളും ഭരണകൂടവും സായുധ വിപ്ലവകാരികളുമായ മാവോയിസ്റ്റുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തേക്കുറിച്ചുള്ളതാണ് വാക്കിംഗ് വിത്ത് ദി കൊമ്രേഡ് എന്ന കൃതി. 

മാവോയിസ്റ്റുകളുടെ ഒളിത്താവളങ്ങളിലെ സന്ദര്‍ശനത്തിന്‌‍റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഈ കൃതി. എം കെ കൃഷ്ണന്‍റെ മൈ നേറ്റീവ് ലാന്‍ഡ് എസ്സേയ്സ് ഓണ്‍ നാച്ചുര്‍ എന്ന ബുക്കാണ് ഇതിന് പകരമായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ മൂന്നാം സെമസ്റ്റര്‍ പാഠഭാഗമായിരുന്നു ഇത്. 2017ലാണ് അരുന്ധതി റോയിയുടെ ഈ കൃതി സിലബസില്‍ ഉള്‍പ്പെടുത്തിയത്. കോമണ്‍വെല്‍ത്ത് ലിറ്ററേച്ചര്‍ കാറ്റഗറി എന്ന വിഭാഗത്തിലായിരുന്നു ഈ കൃതി ഉള്‍പ്പെടുത്തിയിരുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് അരുന്ധതി റോയി മാവോയിസ്റ്റുകളെ ചിത്രത്തില്‍ മഹത്വവല്‍ക്കരിച്ചതായി എബിവിപി പരാതിയുമായി എത്തിയത്. ഇതോടെ കമ്മിറ്റി രൂപീകരിച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്നാണ് വൈസ് ചാന്‍സലര്‍ കെ പിച്ചുമണി വ്യക്തമാക്കിയതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എബിവിപിയുടെ പരാതി മാത്രമല്ലെന്നും കൃതിയുടെ പല മാനങ്ങളും തീരുമാനത്തിന് കാരണമായതായാണ് വൈസ് ചാന്‍സലര്‍ മാധ്യമങ്ങളോട് വിശദമാക്കിയത്. ഇത് ആദ്യമായല്ല അരുന്ധതി റോയിയുടെ കൃതികള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയരുന്നത്. വലതുപക്ഷ ചിന്തകള്‍ക്കെതിരായ അരുന്ധതിയുടെ വിമര്‍ശനം എബിവിപിയുടെ പ്രതിഷേധത്തിന് കാരണമായതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.