മുൻ എംപിയും ഭാര്യയും മകനും അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന വാഹനം ദേശീയ പാതയിൽ അപകടത്തിൽ പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്
ജയ്പൂർ: മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗിൻ്റെ മരുമകൾ ചിത്ര സിംഗിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജയ്പൂർ ദില്ലി യാത്രക്കിടെയാണ് അപകടമുണ്ടായത്. ജസ്വന്ത് സിംഗിന്റെ മകൻ മാനവേന്ദ്ര സിംഗിനും മകനും അപകടതതിൽ പരിക്കേറ്റിരുന്നു. മുൻ കോണ്‍ഗ്രസ് എംപി കൂടിയായ മാനവേന്ദ്ര സിംഗിന്റെ ഭാര്യ ചിത്ര സിംഗിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അപകടത്തിന് തൊട്ടുമുൻപുളള ദൃശ്യങ്ങളെന്ന നിലയിലാണ് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്.
മുൻ എംപിയും ഭാര്യയും മകനും അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന വാഹനം ദേശീയ പാതയിൽ അപകടത്തിൽ പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടത്തിൽപ്പെടുമ്പോൾ കാർ 160കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് ചൊവ്വാഴ്ചയുണ്ടായ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാജസ്ഥാനിലെ ആൾവാറിൽ വച്ച് ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ദില്ലി മുംബൈ എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിൽ മുൻ എംപിയുടെ ഭാര്യ മരിച്ചിരുന്നു. ഖുഷ്പുരി ഗ്രാമത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. അപകടം നടക്കുന്ന സമയത്ത് കാറിലുണ്ടായിരുന്ന എംപിയും മകനും ഡ്രൈവറും ആൾവാറിൽ ചികിത്സയിൽ കഴിയുകയാണ്. ദില്ലിയിൽ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്നു മുൻ എംപിയും കുടുംബവും.
ചിത്ര സിംഗ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മാനവേന്ദ്ര സിംഗിന് നെഞ്ചിലാണ് പരിക്കേറ്റിരിക്കുന്നത്. രാജസ്ഥാന്‍ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജസ്വന്ത് സിംഗിന്റെ മകനുമായ മന്‍വേന്ദ്ര സിംഗ് 2018ലാണ് ചുവട് മാറി കോണ്‍ഗ്രസിലെത്തിയത്.
