ബിഹാറിൽ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്.

പാറ്റ്ന: ബിഹാറിൽ ഗോപാൽഗഞ്ച് ( Gopalganj ) ജില്ലയിൽ വ്യാജ മദ്യദുരന്തത്തിൽ (consuming spurious liquor) പത്ത് മരണം. ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. തെല്‍ഹുവാ എന്ന ഗ്രാമത്തിലാണ് വിഷമദ്യ ദുരന്തം സംഭവിച്ചത്. ഇവിടുത്തെ താമസക്കാരാണ് മരണപ്പെട്ട എല്ലാവരും എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചമോര്‍ത്തലി എന്ന സ്ഥലത്ത് നിന്നും മദ്യപിച്ചവരാണ് മരണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇത് സംബന്ധിച്ച് പൊലീസ് ഇപ്പോഴും സ്വിരീകരണം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്നും. പ്രഥമിക അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ സാധിക്കൂ എന്നുമാണ് ഗോപാൽഗഞ്ച് ജില്ല ജില്ല എസ്.പി ഉപേന്ദ്ര നാഥ് വര്‍മ്മ പറയുന്നത്. ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസുകാരും തെല്‍ഹുവാ ഗ്രാമത്തില്‍ ക്യാംപ് ചെയ്ത് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. 

അതേ സമയം വെസ്റ്റ് ചാമ്പാരനിലും വിഷമദ്യ ദുരന്തം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവിടെ ആറുപേര്‍ എങ്കിലും വ്യാജമദ്യം കഴിച്ച് മരണപ്പെട്ടുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പലര്‍ക്കും ചര്‍ദ്ദിയും, തലവേദനയും, കാഴ്ച പ്രശ്നവും നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മുതല്‍ ഗോപാല്‍ഗഞ്ച്, വെസ്റ്റ് ചമ്പാരന്‍ ജില്ലകളില്‍ മദ്യ കഴിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ബിഹാറിൽ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബർ 24ന് സിവാൻ ജില്ലയിലും ഒക്ടോബർ 28ന് സാരായ ജില്ലയിലും എട്ട് പേർ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടാകുന്നത് സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.