ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹാഥ്‌റസ് സംഭവത്തിലാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. നിരവധി ഇന്ത്യക്കാര്‍ ദലിതുകളെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി കണക്കാക്കുന്നതുപോലുമില്ലെന്നത് ലജ്ജിപ്പിക്കുന്ന സത്യമാണിത്. പെണ്‍കുട്ടിയെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്ന്  മുഖ്യമന്ത്രിയും പൊലീസും പറയുന്നു. കാരണം അവര്‍ക്കും അവള്‍ ആരുമല്ല- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

സെപ്റ്റംബര്‍ 14നാണ് ഹാഥ്‌റസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. ദില്ലിയില്‍ ചികിത്സക്കിടെ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പുലര്‍ച്ചെ ദഹിപ്പിച്ചത് വന്‍ വിവാദമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സന്ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേസ് സിബിഐ ഏറ്റെടുത്ത് ഉത്തരവിറക്കിയത്.