അമൃത്സര്‍: ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തിൽ വൻവർദ്ധനയെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച മാത്രം അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കളാണ്. അതിർത്തി ഉദ്യോ​ഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സന്ദർശകവിസയിലാണ് ഇവരിൽ പലരും എത്തിയിരിക്കുന്നതെന്നും എന്നാൽ പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ ഇവരില്‍ പലരും താല്പര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. പാകിസ്ഥാനിൽ തങ്ങൾ സുരക്ഷിതരല്ലെന്നാണ് ഇവരിൽ പലരുടെയും വെളിപ്പെടുത്തൽ. കൂടാതെ പൗരത്വ നിയമ ഭേദ​ഗതിയെക്കുറിച്ച് ഇവർ‌ പ്രതീക്ഷ പുലർത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ‌ നിന്നെത്തിയ നാല് കുടുംബങ്ങളെ സ്വീകരിക്കാൻ അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മഞ്ചിന്ദര്‍ സിങ് സിര്‍സയും അതിര്‍ത്തിയിലുണ്ടായിരുന്നു. മതപരമായ പീഡനങ്ങളെ തുടര്‍ന്ന് പാകിസ്താനില്‍ നിന്ന് രക്ഷപ്പെട്ടെത്തിയവരാണ് ഇവരെന്ന് മഞ്ചിന്ദര്‍ സിങ് പറഞ്ഞു. ചൊവ്വാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ഇവരുടെ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സിങ് അറിയിച്ചു. 

പൗരത്വ നിയമ ഭേദ​ഗതിയിൽ പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപീഡനങ്ങളെ ഭയന്ന് പലായനം ചെയ്യുന്ന  മതന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജൈനർ, പാഴ്സി, ക്രിസ്ത്യൻ എന്നീ വിഭാ​ഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പ് നൽകുന്നുണ്ട്. പാകിസ്താനിലെ സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാണ് ഇന്ത്യയിലേക്കെത്തുന്നവരില്‍ ഭൂരിഭാഗവും. വലിയ ലഗേജുകളുമായിട്ടാണ് ഇവരില്‍ പലരും എത്തിയിരിക്കുന്നത്. ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും വേണ്ടിയാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്‌.

'ഞങ്ങള്‍ക്ക് പാകിസ്താനില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. എപ്പോള്‍ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ് ഞങ്ങളുടെ പെണ്‍മക്കള്‍ കഴിയുന്നത്. പോലീസ് ഇത് നിശബ്ദരായി നോക്കിനില്‍ക്കും. ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് പാകിസ്താനിലെ വടക്കുപടിഞ്ഞാറ് മേഖലയിലൂടെ സ്വതന്ത്രരായി നടക്കാന്‍ പോലും സാധിക്കില്ല.'- പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത സംഘത്തിലുള്ള ഒരു സ്ത്രീ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നത് പാകിസ്താനില്‍ പതിവാണെന്നും മൗലികവാദികള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഇവര്‍ പറയുന്നു.

തങ്ങളുടെ മതവിശ്വാസവും ജീവനും രക്ഷിക്കാൻ വേണ്ടിയാണ് നാല് കുടുംബങ്ങൾ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയിരിക്കുന്നത്. അതിർത്തിയിൽ വച്ച് ഞാനവരെ സ്വീകരിച്ചു. അടുത്ത ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. അവർക്ക് എത്രയും വേ​ഗം പൗരത്വം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മഞ്ചീന്ദർ സിർസ ട്വീറ്റ് ചെയ്തു.