ദില്ലി: ഗതാഗത നിയമലംഘനത്തിനു പിഴ വൻതോതിൽ വർധിപ്പിച്ചതിനെതിരെ വാഹന ഉടമകളുടെ 41 സംഘടനകൾ ഉൾപ്പെടുന്ന ഐക്യ വേദി പ്രഖ്യാപിച്ച മോട്ടോർ വാഹന  പണിമുടക്ക് പൂർണം. വാഹനങ്ങൾ നിരത്തിൽ ഇറങ്ങാത്തതിനാൽ ജോലിസ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലെ പല സ്കൂളുകളും തുറന്ന് പ്രവർത്തിച്ചില്ല.

ദില്ലി ടാക്സി യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ടാക്സി, ഓട്ടോ, മാക്സി കാബ്, ഒല, ഉബർ ടാക്സികൾ, സ്കൂൾ ബസുകൾ, വാനുകൾ, ട്രക്കുകൾ, ഓറഞ്ച് ക്ലസ്റ്റർ ഉൾപ്പെടെയുള്ള സ്വകാര്യ ബസുകൾ, ടെംപോ തുടങ്ങിയ വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല. 

ഗതാഗത നിയമലംഘനത്തിനു വൻതോതിൽ പിഴത്തുക വർധിപ്പിച്ചത് പിൻവലിക്കണമെന്നാണ് സമരക്കാരുടെ മുഖ്യ ആവശ്യം. പിഴ കുറച്ചില്ലെങ്കിൽ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐക്യവേദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി ഒൻപതര വരെയാണ് സമരം.