ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം. കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ സഹകരിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ എല്ലാം പൊലീസ് സേനക്കും ഒരു യൂണിഫോം എന്ന ആശയം മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിറിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. ഇപ്പോഴില്ലെങ്കിലും ഭാവിയിലെങ്കിലും ഇത് നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് തോക്ക് കൊണ്ട് മാത്രമല്ല, ചിലർ പേന കൊണ്ടും മാവോയിസം നടപ്പാക്കുന്നുവെന്ന് മോദി യോഗത്തില്‍ വിമർശിച്ചു. കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ സഹകരിച്ച് പ്രവർത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭരണഘടനയിൽ ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമായി അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും മോദി വ്യക്തമാക്കി. രാജ്യത്തിന്റെ ഉന്നതിക്കായി പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

നിയമപാലനത്തെ ശക്തിപ്പെടുത്താൻ പല പരിഷ്കാരങ്ങളും നടപ്പാക്കാനായി. പുതിയ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് സാധാരണക്കാർക്ക് മനസ്സിലാകുന്നതാകണം. സ്വാതന്ത്ര്യത്തിനു മുൻപ് ഉണ്ടാക്കിയ നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് സംസ്ഥാനങ്ങളോട് മോദി നിർദേശിച്ചു. ഇപ്പോഴത്തെ സാഹചര്യങ്ങൾക്കനുസരിച്ച് അവ ഭേദഗതി ചെയ്യണം. രാജ്യത്തിന്റെ ശക്തി വർദ്ധിക്കുമ്പോൾ വ്യക്തിയുടെയും കുടുംബത്തിന്റേയും ശക്തി വർദ്ധിക്കും. സംസ്ഥാനങ്ങൾക്ക് പരസ്പരം പഠിക്കാനും പ്രചോദിപ്പിക്കാനുമാകുമെന്നും മോദി പറഞ്ഞു. ചിന്തൻ ശിവിർ കോ - ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ ഉദാഹരണമാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 
ചിന്തൻ ശിവിറിന്റെ രണ്ടാം ദിനത്തിൽ വിട്ടുനിന്ന് പിണറായി, കാരണം കഴിഞ്ഞ ദിവസത്തെ പങ്കാളിത്തം വിവാദമായതോ?

പ്രധാനമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിറിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലി കേരള ഹൗസിൽ ഉള്ള മുഖ്യമന്ത്രി ചിന്തൻ ശിവിറിന്റെ രണ്ടാം ദിനത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും, പിണറായി വിജയനും മാത്രമാണ് ഇന്നലെ ചിന്തൻ ശിവിറിൽ പങ്കെടുത്തിരുന്നത്. മുഖ്യമന്ത്രിമാരായ മമത ബാനർജി, അശോക് ഗെലോട്ട്, ഭൂപേഷ് ഭാഗൽ, നിതീഷ് കുമാർ, എം.കെ.സ്റ്റാലിൻ, നവീൻ പട്‍നായിക്ക് എന്നിവർ യോഗത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. യോഗത്തിനെത്തിയവർ ചേർന്നെടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍, കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനടുത്താണ് മുഖ്യമന്ത്രി പിണറായി വിജയന് ഇരിപ്പിടം ഒരുക്കിയത്. ഗവർണർക്കും സർക്കാരിനും ഇടയിലെ പോര് രൂക്ഷമായിരിക്കെ ഈ ചിത്രവും മുഖ്യന്ത്രിയുടെ പങ്കാളിത്തവും ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പിണറായി വിജയൻ യോഗത്തിൽ നിന്ന് വിട്ടുനിന്നത്.