യോഗത്തിനെത്തിയവർ ചേർന്നെടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍, കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനടുത്താണ് മുഖ്യമന്ത്രി പിണറായി വിജയന് ഇരിപ്പിടം ഒരുക്കിയത്. ഗവർണർക്കും സർക്കാരിനും ഇടയിലെ പോര് രൂക്ഷമായിരിക്കെ ഈ ചിത്രവും മുഖ്യന്ത്രിയുടെ പങ്കാളിത്തവും ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പിണറായി വിജയൻ യോഗത്തിൽ നിന്ന് വിട്ടുനിന്നത് 

ദില്ലി: പ്രധാനമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിറിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലി കേരള ഹൗസിൽ ഉള്ള മുഖ്യമന്ത്രി ചിന്തൻ ശിവിറിന്റെ രണ്ടാം ദിനത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും, പിണറായി വിജയനും മാത്രമാണ് ഇന്നലെ ചിന്തൻ ശിവിറിൽ പങ്കെടുത്തിരുന്നത്. മുഖ്യമന്ത്രിമാരായ മമത ബാനർജി, അശോക് ഗെലോട്ട്, ഭൂപേഷ് ഭാഗൽ, നിതീഷ് കുമാർ, എം.കെ.സ്റ്റാലിൻ, നവീൻ പട്‍നായിക്ക് എന്നിവർ യോഗത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. യോഗത്തിനെത്തിയവർ ചേർന്നെടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍, കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനടുത്താണ് മുഖ്യമന്ത്രി പിണറായി വിജയന് ഇരിപ്പിടം ഒരുക്കിയത്. ഗവർണർക്കും സർക്കാരിനും ഇടയിലെ പോര് രൂക്ഷമായിരിക്കെ ഈ ചിത്രവും മുഖ്യന്ത്രിയുടെ പങ്കാളിത്തവും ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പിണറായി വിജയൻ യോഗത്തിൽ നിന്ന് വിട്ടുനിന്നത്. 

ചിന്തൻ ശിവിറിന്റെ ആദ്യ ദിവസം പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണെന്ന് പറഞ്ഞിരുന്നു. കസ്റ്റഡി അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാനം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിലേത് ജനമൈത്രി പൊലീസ് സ്റ്റേഷനുകളാണെന്നും സേവന മനോഭാവവും ജനസൗഹൃദമായ പൊലീസ് സേനയും ലക്ഷ്യമിട്ടാണ് സർക്കാര്‍ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ജനസൗഹൃദവും ജനകേന്ദ്രീകൃതവും ആകുന്നതാണ് പരമപ്രധാനമെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊലീസ് സേനയുടെ നവീകരണത്തിന് കേന്ദ്രസഹായം കൂ‍ട്ടണമെന്നും അഭ്യര്‍ത്ഥിച്ചു.

'രാജ്യത്ത് തോക്ക് കൊണ്ട് മാത്രമല്ല മാവോയിസം, ചിലർ പേന കൊണ്ടും നടത്തുന്നു'; ചിന്തൻ ശിവിറിൽ വിമർശനവുമായി മോദി

രാജ്യത്തെ എല്ലാം പൊലീസ് സേനക്കും ഒരു യൂണിഫോം എന്ന ആശയം മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിറിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. ഇപ്പോഴില്ലെങ്കിലും ഭാവിയിലെങ്കിലും ഇത് നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് തോക്ക് കൊണ്ട് മാത്രമല്ല, ചിലർ പേന കൊണ്ടും മാവോയിസം നടപ്പാക്കുന്നുവെന്ന് മോദി യോഗത്തില്‍ വിമർശിച്ചു. കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ സഹകരിച്ച് പ്രവർത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു.