മിശ്രവിവാഹങ്ങളും ഒളിച്ചോടിയുള്ള വിവാഹങ്ങൾക്കുമാണ് തീരുമാനം വലിയ രീതിയിൽ ബാധകമാവുക.
ലക്നൗ: വിവാഹ രജിസ്ട്രേഷൻ നിയമങ്ങളിൽ വലിയ മാറ്റവുമായി ഉത്തർപ്രദേശ്. വധുവിന്റെയോ വരന്റെയോ ഭാഗത്ത് നിന്ന് ഏറ്റവും കുറഞ്ഞത് ഒരു ബന്ധുവെങ്കിലും ഇല്ലാതെ വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്നതാണ് പുതിയ മാറ്റം. അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പുതിയ മാറ്റം. ഇത് സംബന്ധിയായ സർക്കുലർ ഇതിനോടകം സംസ്ഥാന സ്റ്റാംപ് വിഭാഗം ഇൻസ്പെക്ടർ ജനറൽ വിശദമാക്കി. വിവാഹ രജിസ്ട്രേഷനിൽ സുതാര്യത ഉറപ്പാക്കാനാണ് നീക്കമെന്നാണ് യോഗി ആദിത്യനാഥ് വിശദമാക്കുന്നത്.
രക്ഷിതാവ്. സഹോദരങ്ങൾ, മാതാപിതാക്കളുടെ രക്ഷിതാക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കൾ ആരുടേയെങ്കിലും സാന്നിധ്യം വിവാഹം രജിസ്റ്റർ ചെയ്യാൻ ആവശ്യമാണ്. മിശ്രവിവാഹങ്ങളും ഒളിച്ചോടിയുള്ള വിവാഹങ്ങൾക്കുമാണ് തീരുമാനം വലിയ രീതിയിൽ ബാധകമാവുക. ഗാസിയാബാദ് നടപടി ഒന്നുകൂടി ശക്തമാക്കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാതാപിതാക്കൾ ജില്ലയിൽ സ്ഥിര താമസക്കാർ ആണെങ്കിൽ മാത്രമാണ് ഗാസിയാ ബാദിൽ വിവാഹം രജിസ്റ്റർ ചെയ്യാനാവുകയെന്നാണ് ഗാസിയാബാദ് സബ് രജിസ്ട്രാർ ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. ബന്ധുക്കൾ വിവാഹത്തിന് എത്താത്ത പക്ഷം പൂജാരിയോ പുരോഹിതനോ ഇമാമോ അടക്കം ചടങ്ങിൽ സന്നിഹിതരാവണമെന്നും ഗാസിയാബാദ് സബ് രജിസ്ട്രാർ വിശദമാക്കി. വിവാഹ വീഡിയോയും വിവാഹ പ്രതിജ്ഞയും നിബന്ധമായും തെളിവായി നൽകുകയും വേണമെന്നും ഗാസിയാബാദ് സബ് രജിസ്ട്രാർ വിശദമാക്കി.
എവിടെയെങ്കിലും വച്ച് വിവാഹം നടന്നുവെന്ന രീതിയിലുള്ള പരാതികൾ വ്യാപകമാവുന്നതാണ് നീക്കത്തിന് പിന്നിലെന്നാണ് സബ് രജിസ്ട്രാർ വിശദമാക്കുന്നത്. ഗാസിയാബാദിൽ മാത്രം കഴിഞ്ഞ വർഷം അഞ്ച് കേസുകളാണ് ഇത്തരത്തിൽ രജിസ്ട്രർ ചെയ്തിട്ടുള്ളത്. ഷാനിദേവ് - ഉത്തർ പ്രദേശ് സക്കാർ കേസിലെ തീരുമാനമാണ് നിർണായക തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാരിനെ എത്തിച്ചത്. സംശയകരമായ സാഹചര്യത്തിൽ 150ഓളം ചെറുപ്പക്കാർ ദുരൂഹമായ സാഹചര്യങ്ങളിൽ വിവാഹിതരായെന്നാണ് കേസിൽ വിശദമായത്. കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതിൽ ഏറെയും വിവാഹങ്ങളെന്നും കേസിൽ കോടതിയിൽ വാദം ഉയർന്നിരുന്നു.


