ദില്ലി: നേതൃത്വപ്രതിസന്ധിക്കിടെ കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലെ നൂറ്റിയമ്പതിലേറെ നേതാക്കളാണ് ഇതിനോടകം രാജിക്കത്ത് നല്‍കിയത്. നിരവധി പേരാണ് രാജി സന്നദ്ധതയറിയിക്കാന്‍ എഐസിസി ആസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തന്‍റെ രാജിതീരുമാനം പുനപ്പരിശോധിക്കാന്‍ രാഹുല്‍ തയ്യാറാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷട്രീയവൃത്തങ്ങള്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാരും രാജിവയ്ക്കാതിരുന്നതിനെക്കുറിച്ച് രാഹുല്‍ കഴിഞ്ഞ ദിവസം പരാമര്‍ശിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ്  പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ച് തുടങ്ങിയത്. കൂടുതല്‍ ശക്തമായ നേതൃനിര പടുത്തുയര്‍ത്താന്‍ രാഹുലിന് കഴിയട്ടെ എന്നാണ് രാജി വയ്ക്കുന്ന നേതാക്കളുടെ നിലപാട്.  158 പേര്‍ രാജിവച്ചെന്നാണ് പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന  വിവരം.

തോല്‍വിയുടെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്ക് മാത്രമല്ലെന്നും അതൊരു കൂട്ടുത്തരവാദിത്തമാണെന്നും രാജി വച്ച എഐസിസി സെക്രട്ടറി വീരേന്ദ്ര റാത്താഡ് പ്രതികരിച്ചു. അതേസമയം, രാഹുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നാടകമാണ്  കൂട്ടരാജിയെന്നും അഭിപ്രായമുയരുന്നുണ്ട്. കോണ്‍ഗ്രസ് കടുത്ത   പ്രതിസന്ധിയെ നേരിടുമ്പോഴും  പ്രവര്‍ത്തക സമിതി ചേരാത്തതില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കടക്കം അമര്‍ഷമുണ്ടെന്നാണ് സൂചന.

രാജി തീരുമാനത്തിൽ നിന്ന് രാഹുൽ ഗാന്ധി പിന്നോട്ട് പോകാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് എം വീരപ്പ മൊയ്‌ലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.  തീരുമാനം കടുത്തതായതിനാൽ എഐസിസി പ്രവർത്തക സമിതി ഉടൻ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.