ഗോരഖ്പൂർ, വാരാണസി, കാൺപൂർ, ആഗ്ര, ജൗൺപൂർ തുടങ്ങിയ വിവിധ ജില്ലകളിലെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങാൻ ഉദ്യോഗാർത്ഥികൾ കൂട്ടത്തോടെ എത്തിയതോടെയാണ് ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും കടുത്ത തിരക്ക് അനുഭവപ്പെട്ടത്
ലക്നൌ: പ്ലാറ്റ്ഫോമിൽ നിൽക്കാൻ ഇടമില്ല. കംപാർട്ട്മെന്റിലേക്ക് എമർജൻസി വിൻഡോയിലൂടെ കയറാൻ ശ്രമിച്ച് യാത്രക്കാർ. ഉത്തർ പ്രദേശ് സർക്കാരിന്റെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയെഴുതാൻ എത്തിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ സ്റ്റേഷനുകളിലേക്ക് എത്തിയതോടെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെട്ടത് അഭൂതപൂർവ്വമായ തിരക്കും യാത്രാ ക്ലേശവുമാണ്. പ്രധാന വാതിലുകളിലൂടെ അകത്ത് കയറാൻ സാധിക്കാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികൾ എമർജൻസി വിൻഡോയിലൂടെ അകത്ത് കടന്നത്. ഗോരഖ്പൂർ, വാരാണസി, കാൺപൂർ, ആഗ്ര, ജൗൺപൂർ തുടങ്ങിയ വിവിധ ജില്ലകളിലെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങാൻ ഉദ്യോഗാർത്ഥികൾ കൂട്ടത്തോടെ എത്തിയതോടെയാണ് ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും കടുത്ത തിരക്ക് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം സ്റ്റേഷനുകളിൽ കാത്തുനിൽക്കേണ്ടി വന്ന പല ഉദ്യോഗാർത്ഥികളും പ്ലാറ്റ്‌ഫോമുകളിൽ ഷീറ്റുകളും പ്ലാസ്റ്റിക് പായകളും വിരിച്ചാണ് വിശ്രമിച്ചത്. പ്രധാന പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ ഗോരഖ്പൂരിൽ, പരീക്ഷയ്ക്ക് മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ഉദ്യോഗാർത്ഥികൾ രാത്രി മുഴുവൻ റെയിൽവേ സ്റ്റേഷനിലാണ് ചെലവഴിച്ചത്.
കടുത്ത ചൂടിനോട് പോരാടിയും മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനായി നീണ്ട ക്യൂവിൽ നിന്നുമാണ് പലരും പരീക്ഷാ ഷിഫ്റ്റുകൾക്കായി കാത്തിരുന്നത്. മൂന്ന് ദിവസങ്ങളിലായി രണ്ട് ഷിഫ്റ്റുകളിലായി നടക്കുന്ന ഈ റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ 1.16 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുന്നത്. ഈ കടുത്ത തിരക്കിനിടയിലും, തങ്ങളുടെ കുടുംബങ്ങൾ ചെയ്ത ത്യാഗങ്ങളെക്കുറിച്ചും പരീക്ഷാ പേപ്പർ വീണ്ടും ചോരുമോ എന്ന ആശങ്കയും പല ഉദ്യോഗാർത്ഥികളും പ്രാദേശിക മാധ്യമങ്ങളോട് പങ്കുവച്ചിട്ടുണ്ട്.ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ റെയിൽവേ അധികൃതരും പൊലീസും സിവിൽ ഭരണകൂടവും സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആർ.പി.എഫ് ഐ.ജി സത്യപ്രകാശ് അറിയിച്ചു. പരീക്ഷാ കാലയളവിലേക്ക് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സാധാരണ യാത്രക്കാരെ ഇത് ബാധിക്കാതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനുകളിലെ കടുത്ത തിരക്ക് രാഷ്ട്രീയ വാക്പോരുകൾക്കും കാരണമായിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്കായി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന ബി.ജെ.പി ഗവൺമെന്റിന്റെ അവകാശവാദങ്ങൾ വെറും വാക്കുകൾ മാത്രമാണെന്ന് കോൺഗ്രസ് ആരോപിച്ചു. കടുത്ത തിരക്കുമൂലം ട്രെയിൻ കമ്പാർട്ടുമെന്റുകളിലേക്ക് ജനലുകളിലൂടെ യുവാക്കൾക്ക് കയറേണ്ടി വരുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് ഗവൺമെന്റിനെതിരെ രംഗത്തെത്തിയത്. വോട്ട് നേടാൻ തിരഞ്ഞെടുപ്പ് സമയത്ത് മികച്ച യാത്രാ സൗകര്യങ്ങൾ ഒരുക്കുന്ന അധികൃതർ, ജോലി തേടുന്ന യുവാക്കൾക്കായി കൃത്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആം ആദ്മി പാർട്ടിയും വിമർശിച്ചു.


