പടക്കക്കടകളിൽ തീപിടുത്തം; തൊട്ടടുത്ത ഫുഡ്കോർട്ടിലെ സിലിണ്ടറും പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം
ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നും പടക്കക്കടകൾക്ക് പെർമിറ്റുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

ഹൈദരാബാദ്: ഹൈദരാബാദിലെ രാജേന്ദ്രനഗറിൽ വൻ തീപിടിത്തം. ദീപാവലിക്ക് വിൽക്കാൻ വേണ്ടി സൂക്ഷിച്ചിരുന്ന പടക്കക്കടകളിലാണ് ഇന്നലെ അർദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്. തീ പടർന്ന് തൊട്ടടുത്തുള്ള ഫുഡ് കോർട്ടിലെ സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. അർദ്ധരാത്രിയായതിനാൽ ഫുഡ് കോർട്ടിലും പടക്കക്കടകളിലും ആളുകളുണ്ടായിരുന്നില്ല. അതിനാൽ വൻദുരന്തം ഒഴിവായി. ഫയർഫോഴ്സ് പെട്ടെന്ന് തന്നെ എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നും പടക്കക്കടകൾക്ക് പെർമിറ്റുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.