ദില്ലിയിലെ പ്രശസ്തമായ ജുമാ മസ്ദിജിൽ വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികൾ പ്രവാചക വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ചു. രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണ് ഇത്.
ദില്ലി: പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയ്ക്ക് എതിരെ ഉത്തരേന്ത്യയിലെ മുസ്ലീം പള്ളികളിൽ പ്രതിഷേധം. ദില്ലിയിലും ജമ്മുവിലും ലക്നൗവിലും സഹറൻപൂരിലുമാണ് ഇതുവരെ പ്രതിഷേധം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികളാണ് ഇവിടെ പ്രതിഷേധിക്കുന്നത്. ദില്ലിയിലെ പ്രശസ്തമായ ജുമാ മസ്ദിജിൽ വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികൾ പ്രവാചക വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ചു.
രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണ് ഇത്. പള്ളിയുടെ പടിക്കെട്ടുകളിലേക്ക് ഇറങ്ങി നിന്നാണ് വിശ്വാസികളുടെ പ്രതിഷേധം. ആരും തന്നെ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. ബിജെപി വക്താക്കളായ നുപൂർ ശർമയുടേയും നവീൻ ജിൻഡാലിൻ്റെ പ്രവാചക വിരുദ്ധ പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വിവാദമായിരുന്നു.
വിവാദ പ്രസ്താവനയെ അറബ് രാഷ്ട്രങ്ങളെല്ലാം അപലപിച്ചിരുന്നു. കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ അവിടുത്തെ ഇന്ത്യൻ സ്ഥാപനതിമാരെ വിളിച്ചു വരുത്തി പ്രവാചക നിന്ദയിലുള്ള തങ്ങളുടെ അമർഷം അറിയിച്ചു. സൌദി അറേബ്യ,യുഎഇ, തുർക്കി, ഇന്തോനേഷ്യ, എന്നീ രാജ്യങ്ങളുടെ ഇക്കാര്യത്തിൽ ഇന്ത്യയെ തങ്ങളുടെ അതൃപ്തിയും ആശങ്കയും അറിയിച്ചിരുന്നു. വിവാദത്തിന് ശേഷം ദില്ലിയിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ എന്നിവരെ കണ്ടപ്പോഴും പ്രവാചക നിന്ദാ പ്രസ്താവന ചർച്ചയായി.
സംഭവത്തിൽ പിന്നാലെ വിവാദം സൃഷ്ടിച്ച ഇരുനേതാക്കളേയും ബിജെപി പാർട്ടിയിൽ നിന്നും നീക്കിയിരുന്നു. മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന രീതിയിൽ പ്രതികരിക്കരുതെന്ന് ബിജെപി വക്താക്കളോടും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും തൻ്റെ അതൃപ്തി അറിയിച്ചിരുന്നുവെന്നാണ് സൂചന. അറബ് രാഷ്ട്രങ്ങളുടെ അതൃപ്തി തീർക്കാൻ വിദേശകാര്യമന്ത്രി ജയശങ്കറിൻ്റെ നേതൃത്വത്തിലുള്ള നയതന്ത്രനീക്കം അണിയറയിൽ സജീവമാണ്.
