ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ സ്കൂളിന് സമീപത്ത് നിന്ന് 161 ജലാറ്റിൻ സ്റ്റിക്കുകൾ അടക്കം 20 കിലോ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. സ്കൂൾ പ്രിൻസിപ്പലാണ് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ ഇവ ആദ്യം കണ്ടത്.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ സ്കൂളിന് സമീപത്ത് നിന്ന് വൻ തോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. 161 ജലാറ്റിൻ സ്റ്റിക്കടക്കം 20 കിലോ സ്ഫോടക വസ്തുക്കളാണ് ആണ് കണ്ടെത്തിയത്. അൽമോറ ജില്ലയിലെ സ്കൂളിന് സമീപമാണ് സംഭവം. ഇതോടെ ജില്ലയിൽ പൊലീസ് ജാഗ്രത ശക്തമാക്കി.
അൽമോറയിലെ ദാബര ഗ്രാമത്തിലെ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് 20 കിലോഗ്രാമിലധികം ഭാരമുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. ഇതോടെ സമീപ പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയതായി പൊലീസ് പറഞ്ഞു.
ആദ്യം കണ്ടത് പ്രിൻസിപ്പൽ
സ്കൂൾ പ്രിൻസിപ്പൽ സുഭാഷ് സിങ് ആണ് കുറ്റിക്കാട്ടിൽ സംശയാസ്പദമായ പാക്കറ്റുകൾ ആദ്യം കണ്ടതും പൊലീസിനെ അറിയിച്ചതും. ഉടൻ തന്നെ പൊലീസ് സംഘം സ്കൂളിലെത്തി. പ്രദേശമാകെ പൊലീസ് സുരക്ഷയിലാണ്. ഉധം സിംഗ് നഗർ, നൈനിറ്റാൾ ജില്ലകളിൽ നിന്നായി ബോംബ് നിർവീര്യമാക്കൽ സംഘവും എത്തി. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിച്ചെന്ന് എസ്എസ്പി ദേവേന്ദ്ര പിഞ്ച പറഞ്ഞു.
നായകളെ ഉപയോഗിച്ച് നടത്തിയ വിശദമായ തിരച്ചിലിൽ 20 അടി അകലെ നിന്ന് കൂടുതൽ പാക്കറ്റുകൾ കണ്ടെടുത്തു. ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ് പാക്കറ്റുകൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 3000 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഉത്തരാഖണ്ഡിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
ഖനന ആവശ്യങ്ങൾക്കും പാറ പൊട്ടിക്കാനും മറ്റും സാധാരണയായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണ് ജെലാറ്റിൻ സ്റ്റിക്കുകൾ. എന്തിനാണ് ഈ സ്ഫോടകവസ്തുക്കൾ ഗ്രാമത്തിൽ എത്തിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്ന് എഎസ്പി പറഞ്ഞു. എക്സ്പ്ലോസീവ് സബ്സ്റ്റൻസസ് ആക്ട് 1908-ലെ സെക്ഷൻ 4(എ), ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 288 എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. നാല് സംഘങ്ങളായി പൊലീസ് അന്വേഷണം തുടങ്ങിയെന്ന് എഎസ്പി അറിയിച്ചു.



