ബംഗളുരു: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 13 കോടി രൂപയുടെ സ്വര്‍ണക്കവര്‍ച്ചയിലെ മുഖ്യസൂത്രധാരന്‍ എസ് മുരുഗന്‍ (45) കീഴടങ്ങി. വെള്ളിയാഴ്ച ബംഗളുരുവിലെ സിവില്‍ കോടതിയിലാണ് മുരുഗന്‍ കീഴടങ്ങിയത്. മുഖംമൂടി ധരിച്ചാണ് തിരുച്ചിറപ്പള്ളിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 13 കോടി രൂപയുടെ സ്വർണം സംഘം കവര്‍ന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മുഖംമൂടി ധരിച്ചുള്ള മോഷണം പൊലീസിന് വ്യക്തമായത്. 

ചുമര്‍ തുരന്ന് 13 കോടിയുടെ സ്വര്‍ണമാണ് സുരേഷും സംഘവും മോഷ്ടിച്ചത്. മുഖംമൂടി ധരിച്ച്, ആറ് കാവല്‍ക്കാരെ വെട്ടിച്ചായിരുന്നു മോഷണം. പ്രശസ്തമായ സ്പാനിഷ് വെബ് സീരീസ് മണി ഹെയ്സ്റ്റ് മാതൃകയിലാണ് സുരേഷും സംഘവും മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.  സംഭവത്തില്‍ എട്ട് ജാര്‍ഖണ്ഡ് സ്വദേശികളും പ്രധാന പ്രതികളിലൊരാളായ മണികണ്ഠന്‍ എന്നൊരാളും  പിടിയിലായിരുന്നു. 

അതേസമയം, മോഷണത്തിന്‍റെ ആസൂത്രകനായ മുരുഗനെ പിടികൂടാന്‍ പൊലീസിനായിരുന്നില്ല. നെറ്റ് ഫ്ലിക്സ് സീരീസായിരുന്ന മണി ഹെയ്സ്റ്റാണ് മോഷണത്തിന് മുരുഗനെ പ്രേരിപ്പിച്ചത്. ആസൂത്രണം ചെയ്തതും നടത്തിയതും മുരുഗന്‍റെ മേല്‍നോട്ടത്തിലായിരുന്നു. വെബ് സീരീസിലെ അവസാന സീസണിലെ സീനുകള്‍ക്ക് സമാനമായി മുരുഗന്‍ കാറില്‍ സഞ്ചരിച്ചുകൊണ്ടിരുക്കുകയാണെന്നും ഇയാള്‍ വാക്കി ടോക്കി വഴി മാത്രമേ മറ്റ് പ്രതികളുമായി ബന്ധം പുലര്‍ത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ മുരുഗന്‍റെ ലൊക്കേഷന്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. 

നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് മുരുഗന്‍. 2015 ല്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. 2010 നും 2015നുമിടയില്‍ 80 ഓളം കേസുകളാണ് ബംഗളുരു പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് കേസുകള്‍ സൈബര്‍ബാഡ് പൊലീസിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുരുഗന്‍ വലിയ മാഫിയയുടെ ചെറിയ കണ്ണിയാണെന്നും കൂടുതല്‍ പേരിലേക്കാണ് അന്വേഷണം നീളുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.