ആലപ്പുഴ: മ‌വേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ, പ്രതികളിൽ നിന്ന് പണം തിരികെ ഈടാക്കാൻ ഉത്തരവ്. ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാരാണ് ഉത്തരവിട്ടത്. പ്രതികളായ നാല് പേരിൽ നിന്നായി 40.71 കോടി രൂപ തിരികെ പിടിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

കേസിലുൾപ്പെട്ട തഴക്കര ശാഖാ മുൻ മാനേജർ ജ്യോതി മധു 12,06,64,375 രൂപ തിരികെ അടക്കണം. തഴക്കര ബ്രാഞ്ച് മുൻ കാഷ്യർ ആയിരുന്ന ബിന്ദു ജി നായർ 9,54,83,960 രൂപ തിരികെ നൽകണം. ബാങ്കിലെ ക്ലാർക്ക് ആയിരുന്ന കുട്ടിസീമ ശിവയിൽ നിന്ന് 9,56,56,459 രൂപ തിരിച്ചു പിടിക്കണം. തഴക്കര ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അന്നമ്മ മാത്യുവിൽ നിന്ന് 3,25,53,652 രൂപയും തിരികെ ഈടാക്കണമെന്നുമാണ് ഉത്തരവ്.

കേസിലുൾപ്പെട്ട ബാങ്ക് പ്രസിഡന്റായിരുന്ന വി.പ്രഭാകരൻ നായരും, ഭരണസമിതി അംഗം പൊന്നപ്പൻ ചെട്ടിയാരും മരിച്ചു പോയതിനാൽ ഇവരുടെ അനന്തരാവകാശികളിൽ നിന്ന് നഷ്ടപ്പെട്ട തുക തിരികെ പിടിക്കാനും ഉത്തരവിൽ പറയുന്നുണ്ട്.