ആഗോള ശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെ ഹൈദരാബാദിലെ ഒരു പ്രധാന റോഡിന് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. 

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രൈമറി റോഡിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. തെലങ്കാന റൈസിംഗ് ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ആഗോള ശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെയാണ് രേവന്ത് റെ‍ഡ്ഡിയുടെ ഈ നീക്കം. നഗരത്തിലെ യുഎസ് കോൺസുലേറ്റ് ജനറലിനോട് ചേർന്നുള്ള പ്രൈമറി റോഡിന് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പേരിടും. യുഎസിന് പുറത്ത് സിറ്റിംഗ് പ്രസിഡന്റിനെ ആദരിക്കുന്ന സംഭവം ആഗോളതലത്തിൽ ആദ്യത്തേതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ സാന്നിധ്യവും നിക്ഷേപവും അംഗീകരിച്ചുകൊണ്ട്, ഒരു പ്രധാന പാതയെ "ഗൂഗിൾ സ്ട്രീറ്റ്" എന്ന് നാമകരണം ചെയ്യുന്നതും പരി​ഗണിക്കുന്നു. അതോടൊപ്പം മൈക്രോസോഫ്റ്റ് റോഡ്, വിപ്രോ ജംഗ്ഷൻ എന്നിവയാണ് പരിഗണനയിലുള്ള മറ്റ് പേരുകൾ. രവിര്യാലയിലെ നെഹ്‌റു ഔട്ടർ റിംഗ് റോഡിനെ നിർദ്ദിഷ്ട ഫ്യൂച്ചർ സിറ്റിയുമായി ബന്ധിപ്പിക്കുന്ന 100 മീറ്റർ ഗ്രീൻഫീൽഡ് റേഡിയൽ റോഡിന് പത്മഭൂഷൺ രത്തൻ ടാറ്റയുടെ പേര് നൽകാനും സംസ്ഥാനം തീരുമാനിച്ചു. രവിര്യാല ഇന്റർചേഞ്ചിന് ഇതിനകം "ടാറ്റ ഇന്റർചേഞ്ച്" എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

ആഗോളതലത്തിൽ സ്വാധീനമുള്ള വ്യക്തികളുടെയും പ്രമുഖ കോർപ്പറേഷനുകളുടെയും പേരുകൾ റോഡുകൾക്ക് നൽകുന്നത് ആദരവ് അർപ്പിക്കുകയും യാത്രക്കാർക്ക് പ്രചോദനമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറയുന്നു. അതോടൊപ്പം ഹൈദരാബാദിനെ ആഗോള അംഗീകാരത്തിന്റെ ഉയർന്ന തലത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബണ്ടി സഞ്ജയ് കുമാർ മുഖ്യമന്ത്രിയെ വിമർശിച്ചു.ഹൈദരാബാദിന്റെ പേര് "ഭാഗ്യനഗർ" എന്ന് പുനർനാമകരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.