ദില്ലി: വൈകിയാലും നീതി നടപ്പാക്കപ്പെടുമെന്ന് ജസ്റ്റിസ് എസ്.മുരളീധര്‍. ദില്ലി ഹൈക്കോടതിയിൽ നൽകിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ജസ്റ്റിസ് മുരളീധരന്‍റെ പ്രതികരണം. ദില്ലി ഹൈക്കോടതിയിൽ നിന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തിൽ വിയോജിപ്പില്ലെന്നും സ്ഥലംമാറ്റ വിവരം ഫെബ്രുവരി 17ന് അറി‌ഞ്ഞപ്പോള്‍ തന്നെ എതിര്‍പ്പില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേയെ അറിയിച്ചിരുന്നുവെന്നും ജസ്റ്റിസ് മുരളീധര്‍ പറഞ്ഞു.

ദില്ലി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗത്തിന് ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അര്‍ദ്ധ
രാത്രി പരിഗണിക്കുകയും ശക്തമായ ഇടപെടൽ നടത്തുകയും ചെയ്ത ജഡ്ജിയായിരുന്നു ജസ്റ്റിസ് മുരളീധര്‍. അതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് മുരളീധറിനെ രാത്രിതന്നെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ദില്ലി ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും ഏതാണ്ട് എല്ലാ അഭിഭാഷകരും ജസ്റ്റിസ് മുരളീധരനുള്ള യാത്രയപ്പ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.