ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെഎന്‍ യു) പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണമെന്ന ബിജെപി എംപിയുടെ പരാമര്‍ശത്തെ പരിഹസിച്ച് രജ്‍ദീപ് സര്‍ദേശായി. അടുത്തത് ഇന്ത്യാഗേറ്റിന്‍റെ പേരാകും മാറ്റേണ്ടി വരികയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപി ഹന്‍സ് രാജ് ഹന്‍സാണ്  ജെഎന്‍യു സന്ദര്‍ശനവേളയില്‍ ജെഎന്‍യു എന്നത് മാറ്റി എംഎന്‍യു (മോദി നരേന്ദ്ര യൂണിവേഴ്സിറ്റി) എന്നാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളില്‍ ഒന്നായ ജെഎന്‍യു 1969 ലാണ്  സ്ഥാപിച്ചത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരിലാണ് യൂണിവേഴ്സിറ്റി. എന്നാല്‍ രാജ്യത്തിന് വേണ്ടി ഒരു പാട് നല്ലകാര്യങ്ങള്‍ നരേന്ദ്രമോദിയും അദ്ദേഹത്തിന്‍റെ സര്‍ക്കാറും ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ സംഭാവനകള്‍ പരിഗണിച്ച് ജെഎന്‍യുവിന്‍റെ പേര് മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണമെന്നായിരുന്നു ഹന്‍സ് രാജിന്‍റെ വാദം. 

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ ജെഎന്‍യുവില്‍ സംസാരിക്കുകയായിരുന്നു ഹന്‍സ് രാജ്. കശ്മീര്‍ വിഷയത്തില്‍ നമ്മുടെ പൂര്‍വികര്‍ ചെയ്ത തെറ്റിനെയാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. കശ്മീരില്‍ തെറ്റു ചെയ്തു. ആ തെറ്റ് തിരുത്തപ്പെടുന്നു. രാജ്യത്തിന് വേണ്ടി ഒരു പാട് കാര്യങ്ങള്‍ നരേന്ദ്രമോദിയും അദ്ദേഹത്തിന്‍റെ സര്‍ക്കാറും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സംഭാവനകള്‍ പരിഗണിച്ച് ജെഎന്‍യുവിന്‍റെ പേര് മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണമെന്നുമായിരുന്നു വാദം.