ദില്ലി: ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങൾക്ക് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന ആഭ്യന്തരമന്ത്രിയുടെ അഭിപ്രായം തള്ളി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ജനസംഖ്യാ രജിസ്റ്ററിലെ ചില വിവരങ്ങൾ പൗരത്വ പട്ടികക്ക് വേണ്ടി ഉപയോഗിച്ചേക്കാമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. എന്നാൽ വിവരങ്ങളെല്ലാം ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ജനസംഖ്യാ രജിസ്റ്ററിന് വേണ്ടി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും സാധ്യതയുണ്ടെന്നാണ് നിയമമന്ത്രിയുടെ വിശദീകരണം. 

ദേശീയ ജനസഖ്യാ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കും. നിയമപരമായും സുതാര്യത ഉറപ്പാക്കിയും ആയിരിക്കും തുടര്‍ നടപടികളെന്നും നിയമമന്ത്രി പറഞ്ഞു. 

ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആശങ്കകൾ ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് നിലപാട് വ്യക്തമാക്കി നിയമമന്ത്രി രംഗത്തെത്തുന്നത്. ഒന്നും മറച്ച് വക്കാൻ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും നിയമമന്ത്രി പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നത്. സാധാരണക്കാരന്‍റെ വ്യക്തപരമായ വിവരങ്ങൾ ഉൾപ്പെടുത്തി ഡാറ്റാ ബേസ് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് വിവരശേഖരണമെന്നുമായിരുന്നു അമിത് ഷാ വിശദീകരിച്ചത്. ഇതിന് നേര്‍ വിപരീതമായ നിലപാടാണ് നിയമന്ത്രിയിൽ നിന്ന് ഉണ്ടായത്.