Asianet News MalayalamAsianet News Malayalam

റിപ്പബ്ലിക് ടിവി കണ്ടു രോഷാകുലനായി കമ്മീഷണറുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ എംബിബിഎസ്‌ വിദ്യാർത്ഥി കസ്റ്റഡിയിൽ

മുംബൈ പൊലീസ് കമ്മീഷണറുടെ ബന്ധുവിന് സോഷ്യൽ മീഡിയയിലൂടെ മെസ്സേജയച്ച്, അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതിനാണ് ഈ വിദ്യാർത്ഥിയെ ക്രൈം ബ്രാഞ്ച് പിടികൂടിയത്.

MBBS student loses cool after watching Republic TV, threatens family of Mumbai Police Commissioner, gets nabbed
Author
Mumbai, First Published Oct 14, 2020, 12:29 PM IST

മുംബൈ ക്രൈംബ്രാഞ്ച്  കഴിഞ്ഞ ദിവസം നഗരത്തിലെ വിഖ്യാതമായ ഒരു കോളേജിൽ എംബിബിഎസിന് പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു. തനിക്കും കുടുംബത്തിനും കഴിഞ്ഞ കുറേ നാളുകളായി, സോഷ്യൽ മീഡിയ വഴി ഭീഷണി സന്ദേശങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നുള്ള മുംബൈ സിറ്റി പൊലീസ് കമ്മീഷണർ പരംബീർ സിങിന്റെ പരാതിയുടെ പുറത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി അടുത്ത ദിവസം തന്നെ സന്ദേശം അയച്ചയാളുടെ ഐപി അഡ്രസ്സ് ട്രാക്ക് ചെയ്യുകയും, പ്രസ്തുത കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന ഈ മെഡിക്കൽ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 

സുശാന്ത് സിംഗ് രാജ്പുത് കേസിന്റെ അന്വേഷണം തുടങ്ങിയ ശേഷം പൊലീസ് കമ്മീഷണർക്കും കുടുംബത്തിനും ഇടയ്ക്കിടെ ഭീഷണി സന്ദേശങ്ങൾ ഒക്കെ വരാറുണ്ടായിരുന്നു എങ്കിലും, അദ്ദേഹം അതൊക്കെ അവഗണിച്ചു കൊണ്ടിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം, കമ്മീഷണറുടെ അടുത്ത ബന്ധുവിന്, "കമ്മീഷണറോട് അടങ്ങിയിരിക്കാൻ പറയണം ഇല്ലെങ്കിൽ എന്നെന്നേക്കുമായി നിശ്ശബ്ദമാക്കാനുള്ള സംവിധാനങ്ങൾ ഉണ്ട് അത് പ്രയോഗിക്കാൻ നിർബന്ധിക്കരുത്: എന്നൊക്കെ ആയിരുന്നു സന്ദേശത്തിലെ ഭീഷണി. ഇങ്ങനെ അതിരുകടന്ന ഒരു സന്ദേശം കിട്ടിയതോടെയാണ് കർശന നടപടികൾ സ്വീകരിക്കാൻ കമ്മീഷണർ നിർബന്ധിതമായത്. 

കമ്മീഷണറുടെ നിർദേശാനുസാരം ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് ഗോഡ്ബന്ദർ റോഡിൽ താമസിക്കുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥി ആണ് ഈ സന്ദേശങ്ങളുടെ പിന്നിൽ എന്ന് വ്യക്തമാവുന്നതും അദ്ദേഹത്തെ കമ്മീഷണർക്ക് മുന്നിൽ ഹാജരാക്കുന്നതും. ചോദ്യം ചെയ്തപ്പോൾ ആ യുവാവിന്റെ അച്ഛൻ, ഫാക്ടറി ഉടമയായ ഒരു കെമിക്കൽ എഞ്ചിനീയർ ആണെന്നും, സഹോദരി ഒരു എഞ്ചിനീയർ ആണ് എന്നും ബോധ്യപ്പെട്ടു. കഴിഞ്ഞ കുറേ ദിവസമായി തുടർച്ചയായി തങ്ങളുടെ മകൻ റിപ്പബ്ലിക് ടിവി കാണുന്നുണ്ടായിരുന്നു എന്നും, അതിൽ വരുന്ന വാർത്തകളുടെ സ്വാധീനത്തിലാകാം അവൻ ഇങ്ങനെ ഒരു ബുദ്ധിമോശം കാണിച്ചത് എന്നും കുടുംബവും,വിദ്യാർത്ഥിയും ഒക്കെ ആവർത്തിച്ച് മാപ്പിരന്നതോടെ കമ്മീഷണർ തുടർ നടപടികളിലേക്ക് കടക്കാതെ, നിശിതമായ ഒരു അന്ത്യശാസനം നൽകി വിദ്യാർത്ഥിയെ പറഞ്ഞയച്ചു.

 

 

ഇത്തവണ ഇത് ക്ഷമിക്കുന്നത് ആ വിദ്യാർത്ഥിയുടെ പഠനവും ഭാവിയും ഒന്നും കേസിന്റെ നൂലാമാലകളിൽ കുരുങ്ങി ഇല്ലാതാകാതിരിക്കാൻ വേണ്ടി ആണെന്നും മേലാൽ മുംബൈ പൊലീസിനെ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്നതിൽ നിന്ന് യുവാക്കൾ വിട്ടുനിൽക്കണം എന്നും പൊലീസ് കമ്മീഷണർ പറഞ്ഞു. തങ്ങളുടെ മകന് രണ്ടാമതൊരു അവസരം നൽകിയതിൽ ഓഫീസർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മകനെയും കൊണ്ട് രക്ഷിതാക്കൾ മടങ്ങിയത്. 
 

 

Follow Us:
Download App:
  • android
  • ios