മുംബൈ: ഹലാല്‍ മാംസം മാത്രമാണ് റെസ്റ്റൊറന്‍റുകളില്‍ ഉപയോഗിക്കുന്നതെന്ന പ്രസ്താവനയോടെ 'കുരുക്കിലായി' മക്ഡൊണാള്‍ഡ്സ്. ഇന്ത്യയിലെ മക്ഡൊണാള്‍ഡ്സ് റെസ്റ്ററന്‍റുകള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന ചോദ്യത്തിന് മക്ഡൊണാള്‍സ് മറുപടി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. ഇതോടെ മക്ഡൊണാള്‍ഡ്സ് ബഹിഷ്കരിക്കണമെന്ന് അറിയിച്ച് ഒരു വിഭാഗം പ്രതിഷേധവുമായെത്തി. 

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് ചോദിച്ചുള്ള ട്വീറ്റിന് എല്ലാ റെസ്റ്ററന്‍റുകള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ഗുണനിലവാരമുള്ള മാംസം മാത്രമാണ് ഉപയോഗിക്കുന്നതെന്നും മക്ഡൊണാള്‍ഡ്സ് മറുപടി നല്‍കി. എന്നാല്‍ ഹിന്ദുക്കള്‍ ഹലാല്‍ അല്ലാത്ത മാംസം മാത്രമാണ് കഴിക്കുന്നതെന്നും നിങ്ങളുടെ ശാഖകളില്‍ നിന്ന് മാംസം കഴിക്കരുതെന്ന് മറ്റുള്ളവരോടും പറയുമെന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. സൊമറ്റോയുടെ ഗതി വരാതിരിക്കണമെങ്കില്‍ ഹലാല്‍ അല്ലാത്ത മാംസം നല്‍കാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ട്വീറ്റില്‍ പറയുന്നു.ഹിന്ദുക്കള്‍ ഭൂരിഭാഗമുള്ള പ്രദേശങ്ങളില്‍ പോലും ഹലാല്‍ ചിക്കന്‍ നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നും മക്ഡൊണാള്‍ഡ്സ് ബഹിഷ്കരിക്കണമെന്നും ആഹ്വാനമുണ്ടായി. 

അടുത്തിടെ സൊമാറ്റോയും സമാന രീതിയില്‍ പ്രതിഷേധത്തിനിരയായിരുന്നു. മതമില്ലെന്ന് പ്രഖ്യാപിച്ച സൊമാറ്റോ പിന്നെന്തിനാണ് ആപ്പില്‍ റെസ്റ്ററന്‍റുകള്‍ക്ക് നേരെ ഹലാല്‍ ടാഗ് നല്‍കുന്നതെന്നായിരുന്നു ഒരു വിഭാഗം ചോദിച്ചത്.