വിൽപനയ്ക്കുള്ള ചുരിദാറുകൾ എന്ന വ്യാജേനയാണ് സംഘം ദില്ലിയിൽ നിന്ന് എംഡിഎംഎ എത്തിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ പരിശോധനയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 12 കിലോ 925 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 26 കോടി രൂപ വിലവരുന്ന എംഡിഎംഎ ആണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് സംഭവങ്ങളിൽ നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ച ഓപ്പിയവും 34 ലക്ഷം രൂപ വില വരുന്ന ഹെറോയിനും പൊലീസ് പിടികൂടി.
ദില്ലിയിൽ നിന്നെത്തിച്ച എംഡിഎംഎയും രാജസ്ഥാനിൽ നിന്നെത്തിച്ച ഓപ്പിയവും ഉൾപ്പെടെ വലിയ മയക്കുമരുന്ന് വേട്ടയാണ് ബെംഗളൂരുവിൽ പൊലീസ് നടത്തിയത്. കർണാടക പൊലീസിന്റെ സിസിബി വിഭാഗമാണ് ഒരു മാസത്തിനിടയിൽ രണ്ടാമത്തെ വലിയ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. വിൽപനയ്ക്കുള്ള ചുരിദാറുകൾ എന്ന വ്യാജേനയാണ് സംഘം ദില്ലിയിൽ നിന്ന് എംഡിഎംഎ എത്തിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ പരിശോധനയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 12 കിലോ 925 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നാല് പേരെ പിടികൂടിയിട്ടുണ്ട്. ദില്ലിയിൽ നൈജീരിയൻ സ്വദേശിയിൽ നിന്നാണ് എംഡിഎംഎ ശേഖരിച്ചതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്.
ബെംഗളൂരുവിൽ ടെക്കികൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വിതരണത്തിനായി എത്തിച്ചതായിരുന്നു എംഡിഎംഎ. മറ്റൊരിടത്ത് സിസിബി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രാജസ്ഥാനിൽ നിന്നെത്തിച്ച 7 കിലോ ഓപ്പിയം പിടിച്ചെടുത്തത്. ഈ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സിസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. 225 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോറമംഗലയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അസമീസ് സ്വദേശിയായ മയക്കുമരുന്ന് കാരിയർ, സാഹിദ് ഹുസൈൻ പിടിയിലായത്. 34 ലക്ഷം രൂപ വില വരുന്ന 157 ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
