ശനിയാഴ്ച നടന്ന ചാവേർ ബോംബാക്രമണത്തിൽ 16 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 25ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ദില്ലി: വടക്കൻ വസീറിസ്ഥാനിൽ സൈനികർക്കുനേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. പാക് സൈന്യത്തിന്റെ ആരോപണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി. പാകിസ്ഥാന്റെ ആരോപണം അവജ്ഞ അർഹിക്കുന്നുവെന്ന് ഇന്ത്യ വിശേഷിപ്പിച്ചു. 

ജൂൺ 28 ന് വസീറിസ്ഥാനിൽ നടന്ന ആക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന പാകിസ്ഥാൻ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന ഞങ്ങൾ ശ്രദ്ധിച്ചു. ഈ പ്രസ്താവനയെ അർഹിക്കുന്ന അവജ്ഞയോടെ ഞങ്ങൾ നിരസിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം രാവിലെ പുറത്തിറക്കിയ പ്രതികരണത്തിൽ പറഞ്ഞു. 

ശനിയാഴ്ച നടന്ന ചാവേർ ബോംബാക്രമണത്തിൽ 16 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 25ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ ബോംബർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ഒരു ചാവേർ ബോംബർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. 

മരണസംഖ്യ 13 ആണെന്ന് നേരത്തെ കണക്കാക്കിയിരുന്നെങ്കിലും 16 ആയി ഉയർന്നതായി റിപ്പോർട്ട് സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിൽ രണ്ട് വീടുകളുടെ മേൽക്കൂരകൾ തകർന്നു, ആറ് കുട്ടികൾക്ക് പരിക്കേറ്റു. പാക് താലിബാന്റെ വിഭാ​ഗമായ ഹാഫിസ് ഗുൽ ബഹാദൂർ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഭീകരവാദ സംഘം സമ്മതിച്ചിട്ടും, പാകിസ്ഥാൻ സൈന്യം വിദേശ പങ്കാളിത്തം ആരോപിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.