ഇന്ത്യക്കെതിരായ ആരോപണത്തിൽ ചുട്ടമറുപടിയുമായി പാകിസ്ഥാൻ. മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് പകരം, സ്വന്തം കാര്യം നോക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കറാച്ചിയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യക്കെതിരെ ആരോപണത്തിലാണ് മറുപടി.
ദില്ലി: പാകിസ്ഥാനിലെ കറാച്ചിയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ച പാകിസ്ഥാന് ചുട്ടമറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാൻ മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് പകരം, സ്വന്തം കാര്യം നോക്കണമെന്നും തങ്ങളുടെ മണ്ണിലുള്ള ഭീകരവാദ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു രൺദീർ ജയ്സ്വാൾ.
"കറാച്ചിയിലുണ്ടായ സമീപകാല സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പാകിസ്ഥാൻ്റെ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. ഞങ്ങൾ അവയെ പൂർണമായും തള്ളിക്കളയുന്നു. മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് പകരം, പാകിസ്ഥാൻ സ്വന്തം കാര്യം നോക്കുകയും തങ്ങളുടെ മണ്ണിലുള്ള ഭീകരവാദ കേന്ദ്രങ്ങൾക്കെതിരെ വിശ്വസനീയമായ നടപടിയെടുക്കുകയും ഭീകരവാദത്തെ ഭരണകൂട നയത്തിൻ്റെ ആയുധമാക്കുന്ന ശീലം അവസാനിപ്പിക്കുകയും ചെയ്യുന്നതാകും കൂടുതൽ നല്ലത്"- രൺദീർ ജയ്സ്വാൾ പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം കറാച്ചിയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പാകിസ്ഥാൻ്റെ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സിൻ്റെ മൂന്നു സൈനികർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ശനിയാഴ്ച രാത്രി കറാച്ചിയിലെ പാകിസ്ഥാൻ റേഞ്ചേഴ്സിൻ്റെ പ്രവിശ്യാ ആസ്ഥാനത്തേക്ക് സ്ഫോടക വസ്തുക്കളുമായി വാഹനം ഇരച്ചുകയറിയതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സുരക്ഷാ സേന മൂന്നു അക്രമികളെ കൊലപ്പെടുത്തിയതായും ഒരാളെ പരിക്കുകളോടെ പിടികൂടിയതായും സൈന്യം അറിയിച്ചു. പിടിയിലായ ആൾ അഫ്ഗാനിസ്ഥാൻ പൗരനാണെന്നും സൈന്യം അറിയിച്ചു.
ശനിയാഴ്ച കറാച്ചിയിൽ നടത്തിയ സന്ദർശനത്തിലാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. പാകിസ്ഥാനിലെ സമാധാനവും സ്ഥിരതയും തകർക്കാൻ ഇന്ത്യ പ്രോക്സികളെ ഉപയോഗിക്കുന്നു എന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ ആരോപണം.


