മുംബൈയിലെ മുഹറം ഘോഷയാത്രയ്ക്കിടെ വേദനസംഹാരിയെന്ന വ്യാജേന എലിവിഷം കലർത്തിയ ഗുളികകൾ വിതരണം ചെയ്ത ഫയ്യാസ് പ്രേംജിയെ പോലീസ് അറസ്റ്റ് ചെയ്തു. പതിനയ്യായിരത്തോളം പേരെ കൊല്ലാൻ ലക്ഷ്യമിട്ട ഇയാൾ, ഇതൊരു പുണ്യപ്രവൃത്തിയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചാണ് സഹായം തേടിയത്.
മുംബൈ: മുംബൈയിലെ ബൈക്കുള പ്രദേശത്ത് നടന്ന മുഹറം ഘോഷയാത്രയ്ക്കിടെ വേദനസംഹാരിയെന്ന വ്യാജേന മാരക വിഷം അടങ്ങിയ ഗുളികകൾ വിതരണം ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതി ഫയ്യാസ് പ്രേംജിയെക്കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വൻ ക്രൂരത ഒരു 'പുണ്യപ്രവൃത്തി' ആണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ മറ്റുള്ളവരുടെ സഹായം തേടിയതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന ആശൂറ ഘോഷയാത്രയ്ക്കിടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി വിതരണം ചെയ്ത ഗുളികകളിൽ മാരകമായ 'സിങ്ക് ഫോസ്ഫൈഡ്' അഥവാ എലിവിഷം അടങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മരുന്നെന്നും വേദനസംഹാരിയെന്നും പറഞ്ഞാണ് ഇയാൾ ഇത് ജനങ്ങൾക്ക് നൽകിയത്.
ഘോഷയാത്രയിൽ പങ്കെടുക്കുന്ന വലിയൊരു ജനവിഭാഗത്തിന് ഈ വിഷം വിതരണം ചെയ്യാനായിരുന്നു ഇയാളുടെ നീക്കം. ഇതിനായി മുപ്പതിനായിരത്തോളം ക്യാപ്‌സ്യൂളുകളും 50 കിലോഗ്രാം എലിവിഷവും ഇയാൾ ഓർഡർ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വിഷഗുളികകൾ ഉപയോഗിച്ച് ഏകദേശം പതിനയ്യായിരത്തോളം ആളുകളെ കൊലപ്പെടുത്താനായിരുന്നു തന്‍റെ പദ്ധതിയെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. എന്നാൽ പ്രതിയുടെ കുടുംബജീവിതം തകർന്നതിനെത്തുടർന്ന് ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പുനെയിലുള്ള അയൽവാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
15 ദിവസത്തെ ആസൂത്രണം
പുനെയിൽ നിന്ന് 15 ദിവസങ്ങൾക്ക് മുൻപാണ് പ്രേംജി മുംബൈയിൽ എത്തിയത്. തുടർന്ന് ദോംഗ്രിയിലുള്ള 'ഹോട്ടൽ സൺ ഡോർമിറ്ററി'യിൽ താമസിച്ച് രണ്ടാഴ്ചയോളം എടുത്താണ് ഈ ഭീകരമായ ഗൂഢാലോചന നടത്തിയതും വിഷഗുളികകൾ തയ്യാറാക്കിയതും. ജനങ്ങൾക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 14,900 വിഷഗുളികകൾ പൊലീസ് ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒറ്റയ്ക്ക് ഇത് വിതരണം ചെയ്യുക എളുപ്പമല്ലാത്തതിനാൽ, ഇതൊരു പുണ്യപ്രവൃത്തിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ മറ്റുള്ളവരെയും ഇതിനായി കൂട്ടുപിടിക്കുകയായിരുന്നു.
ഈ വിഷഗുളിക കഴിച്ചതിനെത്തുടർന്ന് സൽമാൻ സയീദ്, അലി അബ്ബാസ് സയീദ് എന്നിവരുൾപ്പെടെ 11 പേരുടെ ആരോഗ്യനില വഷളായി. ഒരു സ്ത്രീയാണ് തനിക്ക് ഈ ഗുളിക തന്നതെന്നും അവർ സ്വന്തം കുട്ടികൾക്കും ഇത് നൽകുന്നത് കണ്ടതായും സൽമാൻ പറഞ്ഞു. വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞാണ് തനിക്ക് ഇത് നൽകിയതെന്ന് അലി അബ്ബാസ് വെളിപ്പെടുത്തി. ഘോഷയാത്രയിൽ പങ്കെടുത്ത മൂന്ന് സ്ത്രീ വോളന്റിയർമാർക്ക് ഈ ഗുളിക വിതരണത്തിൽ സംശയം തോന്നിയതാണ് പ്രതിയുടെ ക്രൂരത പുറത്താകാൻ കാരണമായത്. അവർ ഒരു ഗുളിക പൊട്ടിച്ചു നോക്കിയപ്പോൾ ഉള്ളിൽ പൊടി രൂപത്തിലുള്ള വിഷം കണ്ടെത്തുകയും ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ലൗഡ്‌സ്പീക്കറിലൂടെ ഗുളികകൾ കഴിക്കരുതെന്ന് ജനങ്ങൾക്ക് അടിയന്തിര മുന്നറിയിപ്പ് നൽകി. ഇതോടെ വിതരണം തടസ്സപ്പെടുകയും പ്രേംജിയെ ഹോട്ടലിൽ നിന്ന് പോലീസ് പൊക്കുകയുമായിരുന്നു.
ഭീകരവാദ ബന്ധം അന്വേഷിക്കുന്നു
പുനെ വിമാൻ നഗറിലെ കോണാർക്ക് നഗറിലാണ് പ്രേംജി വളർന്നത്. ഇയാളുടെ പിതാവിന് പെയിന്റ് ഫാക്ടറിയുണ്ട്. അമ്മയും സഹോദരിയും ഇറാനിലാണ് താമസം. കഴിഞ്ഞ വർഷം ഇറാനും ഇറാഖും സന്ദർശിച്ച ഇയാൾ അവിടെ കുറച്ചുമാസം ജോലി ചെയ്തിരുന്നു. 2019-നും 2025-നും ഇടയിൽ 19 തവണ ഇയാൾ വിദേശയാത്ര നടത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തി പിതാവിനെ ബിസിനസ്സിൽ സഹായിക്കാൻ തുടങ്ങിയത്. ഇതിനിടയിലാണ് ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയതും മാനസിക നില തെറ്റിയതുമെന്നാണ് അയൽക്കാർ പറയുന്നത്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 123 (കുറ്റകൃത്യം ചെയ്യുകയെന്ന ഉദ്ദേശത്തോടെ വിഷം നൽകി പരിക്കേൽപ്പിക്കുക) പ്രകാരം ബൈക്കുള പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഭീകരവാദ ബന്ധങ്ങളുണ്ടോ എന്നും, ഈ വിഷഗുളിക വിതരണത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റ് സൂത്രധാരന്മാർ ആരെങ്കിലുമുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.


