ദില്ലി: പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനം രാജ്യദ്രോഹപരമായ തീരുമാനമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പ്രാദേശിക ഭാഷകളിൽ കരട് വിജ്ഞാപനം പുറത്തിറക്കാതെയുള്ള കേന്ദ്ര നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ജനകീയ പ്രക്ഷോഭങ്ങൾ ഉയര്‍ന്നുവരണമെന്നും മേധാ പട്കര്‍ പറഞ്ഞു.  ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

വലിയൊരു വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്തുന്നു. ഇത് രാജ്യതാല്പര്യമല്ല, രാജ്യദ്രോഹപരായ തീരുമാനമാണിത്,
കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം പിൻവലിക്കണം. പ്രകൃതി വിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരെയടക്കം ഇത് ഗുരുതരമായി ബാധിക്കും. കര്‍ഷകര്‍, മത്സ്യ തൊഴിലാളികൾ, ആദിവാസികൾ, തൊഴിലാളികൾ എല്ലാവരെയും ഇത് ബാധിക്കും. ശക്തമായ പ്രതിഷേധം ഉണ്ടാകണം. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാത്തതിന് പിന്നിൽ കേന്ദ്രത്തിന് വ്യക്തമായ അജണ്ടയുണ്ട്. ജനസംഖ്യയിലെ വലിയൊരു വിഭാഗത്തെ മാറ്റിനിര്‍ത്തുകയാണ് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

സുനാമിയും ഓഖിയും പോലെ വലിയ ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി. മനുഷ്യരുടെ ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്  നേരെ കൂടിയാണ് കേന്ദ്രം കത്തിവെയ്ക്കുന്നത്. ജനാധിപത്യവിരുദ്ധവും രാജ്യത്തോടുള്ള വെല്ലുവിളിയുമാണ് പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനമെന്നും മേധാ പട്കർ പറഞ്ഞു. വന്ദന ശിവ, മാധവ് ഗാഡ്ഗിൽ ഉൾപ്പടെയുള്ളവരും കരട് വിജ്ഞാപനത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു. 

അതേസമയം സമയം അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.  കരട് വിജ്ഞാപനത്തിന്മേലുള്ള തുടര്‍ നടപടികളിൽ യാതൊരു മാറ്റവും വരുത്തേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. വിവിധ ഹൈക്കോടതികളിൽ നിലവിലുള്ള കേസുകൾ തുടര്‍ നടപടികൾക്ക് തടസ്സമല്ലെന്നും പരിസ്ഥിതി മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.