Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ നാളെ ഉന്നതതല യോഗം; കൊവിഡ് സാഹചര്യം വിലയിരുത്തും

ദില്ലിയില്‍ കൊവിഡ് വ്യാപനം ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചികിത്സാ സംവിധാനങ്ങള്‍ പ്രതിസന്ധിയിലായ രാജ്യ തലസ്ഥാനത്ത്  രോഗബാധ മരണ നിരക്കുകള്‍ കുത്തനെ കൂടി.

meeting in delhi in order to review covid situation
Author
Delhi, First Published Jun 13, 2020, 3:48 PM IST

ദില്ലി: ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ നാളെ ഉന്നതതല യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്. ഗവർണ്ണർ അനിൽ ബെയ്ജാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.  ദില്ലിയില്‍ കൊവിഡ് വ്യാപനം ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചികിത്സാ സംവിധാനങ്ങള്‍ പ്രതിസന്ധിയിലായ രാജ്യ തലസ്ഥാനത്ത് രോഗബാധ മരണ നിരക്കുകള്‍ കുത്തനെ കൂടി. സ്ഥിതി വഷളായ സാഹചര്യത്തില്‍ ലഫ്. ഗവര്‍ണ്ണര്‍ ഇടപെട്ട്  മാര്‍ഗനിര്‍ദ്ദേശത്തിന് ഉന്നത തല സമിതിയെ നിയോഗിച്ചു. 

സ്ഥിതി ഭയാനകമാണെന്ന സുപ്രീംകോടതി നിരീക്ഷണത്തെ ശരിവയ്ക്കുകയാണ്  ദില്ലിയിൽ ഓരോ ദിവസവും പുറത്ത് വരുന്ന കണക്കുകൾ. പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടായിരം  പിന്നിട്ട ദില്ലിയിൽ 21 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 12 ദിവസത്തിനുള്ളിലാണ്. മരണ നിരക്കും ആശങ്കപ്പെടുത്തുന്നതാണ്. മെയ് 31 വരെ 473 മരണമാണ് ദില്ലിയിലുണ്ടായത്. എന്നാൽ കഴിഞ്ഞ 12 ദിവസത്തിനിടെ മരിച്ചത് 741 പേർ. അതായത്  ആകെ മരണനിരക്കിന്‍റെ  61 ശതമാനം. രോഗം ഭേദമാകുന്നവരുടെ എണ്ണവും കുറയുകയാണ്.  44 ശതമാനമായിരുന്ന രോഗ മുക്തിനിരക്ക് ഇപ്പോള്‍  36 ലെത്തിയിരിക്കുന്നു. 

രോഗനിര്‍ണ്ണയ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചെങ്കിലും എഐസിഎംആര്‍  പറയുന്നതനുസരിച്ചേ  മുന്നോട്ട് പോകാനാകൂയെന്നാണ് സര്‍ക്കാര്‍ നിലപാട്. മലയാളികളടക്കം താമസിക്കുന്ന മേഖലകളെല്ലാം കടുത്ത രോഗ  ഭീഷണിയിലാണ്. 222 തീവ്രബാധിത മേഖലകളാണ് ദില്ലിയിലുള്ളത്.  പ്രതിരോധ നടപടികള്‍ ഫലപ്രദമല്ലെന്ന ആക്ഷേപത്തിനിടെയാണ് ദില്ലി ദുരന്ത നിവാരണ അതോറിറ്റിക്ക് മാർഗ്ഗ നിർദ്ദേശം നൽകാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ നേരിട്ട് ആറംഗ ഉന്നത തല സമിതിയെ നിയോഗിച്ചത്.  
 

Follow Us:
Download App:
  • android
  • ios