രാവിലെ ഏഴ് മണിക്ക് വോട്ടിംഗ് തുടങ്ങിയപ്പോൾ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട ക്യൂ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ കണ്ടു.

ദില്ലി : മേഘാലയയിലും നാഗാലാ‌ൻഡിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതുവരെ മേഘാലയയിൽ 26.70 ശതമാനവും, നാഗാലാൻഡിൽ 35.76 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട് ഏഴ് മണിക്ക് ശേഷം പുറത്തുവരും.

രാവിലെ ഏഴ് മണിക്ക് വോട്ടിംഗ് തുടങ്ങിയപ്പോൾ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട ക്യൂ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ കണ്ടു. പോളിംഗ് ശതമാനം കൂട്ടാനായി മേഘാലയയിൽ ആദ്യത്തെ അഞ്ച് വോട്ടർമാർക്ക് സമ്മാനവും ഏർപ്പെടുത്തിയിരുന്നു. മേഘാലയയയിൽ 21 ലക്ഷം വോട്ടർമാരും നാഗാലാൻഡിൽ 13 ലക്ഷത്തിലധികം വോട്ടർമാരുമാണ് ഉള്ളത്. 81000 കന്നി വോട്ടർമാരാണ് മേഘാലയയിലുള്ളത്. ജനങ്ങൾ വോട്ടവകാശം വിനിയോഗിച്ച് റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയും മാറ്റത്തിന് അവസരം നൽകാനായി വോട്ട് രേഖപ്പെടുത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗേയും അഭ്യർത്ഥിച്ചു. 

59 സീറ്റുകളിലേക്കാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. എൻപിപി, കോൺഗ്രസ്, ബിജെപി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളിലായി മേഘാലയിൽ 369 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഇതിൽ 44 പേർ സ്വതന്ത്രരാണ്. നാഗാലാൻഡിൽ 183 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. എൻഡിപിപി ബിജെപി സഖ്യവും എൻപിഎഫും തമ്മിലാണ് നാഗാലാൻഡിൽ പ്രധാന പോരാട്ടം. മേഘാലയിലെ 3419 പോളിംഗ് സ്റ്റേഷനുകളിൽ 323 എണ്ണവും നാഗാലാൻഡിലെ 2315 ൽ 924 എണ്ണവും അതീവ ജാഗ്രതാ കേന്ദ്രങ്ങളാണ്.

സംസ്ഥാനങ്ങളിൽ സുരക്ഷയ്ക്കായി കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. മേഘാലയ മുഖ്യമന്ത്രി കൊൻറാഡ് സാംഗ്മ സൗത്ത് ടുറ മണ്ഡലത്തിൽ നിന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അങ്കാമിയിൽ നിന്നുമാണ് മത്സരിക്കുന്നത്. നാലുമണിയോടെ തെരഞ്ഞെടുപ്പ് അവസാനിക്കും. നേരത്തെ വോട്ടെടുപ്പ് പൂർത്തിയായ ത്രിപുരയിലെ ഉൾപ്പടെ എക്സിറ്റ് പോൾ ഫലം വൈകിട്ട് 7 മണിക്കു ശേഷം അറിയാം.