ദില്ലി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയപ്പോള്‍  ഊഷ്മളമായ വരവേല്‍പ്പ് നല്‍കിയതിന് നന്ദി പറഞ്ഞ് യുഎസ് പ്രഥമ വനിത മെലനിയ ട്രംപ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് നിരവധി ട്വീറ്റുകളിലൂടെയാണ് മെലനിയ നന്ദി അറിയിച്ചത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ആഘോഷമാക്കിയ ദിവസമെന്നാണ് മെലനിയ രാഷ്ട്രപതി ഭവനിലെ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. 

സ്നേഹോഷ്മളമായ വരവേല്‍പ്പിന് നരേന്ദ്ര മോദിയോടും ഇന്ത്യയിലെ ജനങ്ങളോടും നന്ദി പറയുന്നതായി മെലനിയ ട്വിറ്ററില്‍ കുറിച്ചു. 36 മണിക്കൂര്‍ നീണ്ട ഇന്ത്യാ സന്ദര്‍ശനത്തിലെ അവിസ്മരണീയമായ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും വീഡിയോയും മെലനിയ ട്വിറ്ററില്‍ പങ്കുവെച്ചു. അഹമ്മദാബാദില്‍ നല്‍കിയ സ്വീകരണം, മൊട്ടേര സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍, സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശനം, രാഷ്ട്രപതി ഭവനിലെ അത്താഴ വിരുന്ന്, ഇന്ത്യയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരെയും കുടുംബത്തെയും സന്ദര്‍ശിച്ചത്, ദില്ലിയിലെ ഹാപ്പിനസ് ക്ലാസ്, താജ്മഹല്‍ സന്ദര്‍ശനം എന്നിങ്ങനെ ഓരോ ചിത്രങ്ങളും ആളുകളെയും പേരെടുത്ത് നന്ദി പറഞ്ഞായിരുന്നു മെലനിയയുടെ ട്വീറ്റുകള്‍. രാജ്ഘട്ട് സന്ദര്‍ശിച്ച് പുഷ്പചക്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതും മഹാത്മാ ഗാന്ധിയുടെ ജീവിതവും പൈതൃകവും സ്മരിച്ചു കൊണ്ട് വൃക്ഷത്തൈ നടാന്‍ കഴിഞ്ഞതും അഭിമാനമുളവാക്കുന്നതാണെന്ന് പ്രഥമ വനിത പറഞ്ഞു.