പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് അന്വേഷണ വിധേയമായി ഹന്‍സര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

ലഖ്നൌ: സൈക്കിള്‍ ഓടിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ അക്രമത്തിനിരയായ 17കാരിയായ പെണ്‍കുട്ടി ബൈക്കിടിച്ച് മരിച്ച സംഭവത്തില്‍ അറസ്റ്റിലായശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നു പ്രതികളെ പോലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. അറസ്റ്റ് ചെയ്തശേഷം മെഡിക്കല്‍ പരിശോധനക്കിടെ മൂന്നുപേരും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് മുട്ടിന് താഴെ വെടിവെച്ചുകൊണ്ട് പോലീസ് പ്രതികളെ കീഴ്പ്പെടുത്തിയത്. ഷഹ്ബാസ്, ഫൈസല്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് ദാരുണമായ സംഭവം. 

സൈക്കിള്‍ ഓടിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ ശല്യം ചെയ്ത അക്രമികള്‍ ഷാള്‍ പിടിച്ചുവലിച്ച് വീഴ്ത്തുകയായിരുന്നു. അക്രമികള്‍ ഷാള്‍ പിടിച്ചുവലിച്ചതോടെ പെണ്‍കുട്ടിക്ക് സൈക്കിളിന്‍റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഉടനെ കുട്ടി റോഡിലേക്ക് വീണു. റോഡില്‍ വീണ പെണ്‍കുട്ടിയുടെ മുകളിലൂടെ പിന്നാലെയെത്തിയ മറ്റൊരു അക്രമി മോട്ടോര്‍ ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇതോടെയാണ് 17കാരിക്ക് മരണം സംഭവിച്ചത്. ബൈക്ക് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാല്‍, ഇതിനുശേഷമാണ് അപ്രതീക്ഷിതമായി പ്രതികള്‍ മെഡിക്കല്‍ പരിശോധനക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവം നടന്നത്. ആശുപത്രിയിലെ ചികിത്സക്കിടെ പ്രതികളായ ഷഹ്ബാസും ഫൈസലും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഇരുവരെയും പിന്തുടര്‍ന്ന് മുട്ടിന് താഴേക്ക് വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നുവെന്നും അംബേദ്ക്കര്‍നഗര്‍ പോലീസ് സൂപ്രണ്ട് അജിത് സിന്‍ഹ പറഞ്ഞു. രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് മൂന്നാം പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ കാലിന് പരിക്കേറ്റുവെന്നും അജിത് സിന്‍ഹ പറഞ്ഞു. അതേസമയം, പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് അന്വേഷണ വിധേയമായി ഹന്‍സര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.