Asianet News MalayalamAsianet News Malayalam

ജെഎന്‍യു: വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിക്കണമെന്ന് എംഎച്ച്ആര്‍ഡി, ക്ളാസുകൾ തിങ്കളാഴ്ച തുടങ്ങും

വിദ്യാര്‍ത്ഥികളില്‍ നിന്ന് ഹോസ്റ്റല്‍ യൂട്ടിലിറ്റി ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഈടാക്കില്ല എന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍,  ഹോസ്റ്റല്‍ ഫീസ് കുറച്ചിട്ടില്ല.

mhrd calls for students to withdraw strike in jnu
Author
Delhi, First Published Jan 10, 2020, 5:59 PM IST

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഹോസ്റ്റല്‍ യൂട്ടിലിറ്റി ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഈടാക്കില്ല എന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍,  ഹോസ്റ്റല്‍ ഫീസ് കുറച്ചിട്ടില്ല. വിദ്യാർത്ഥികൾ സമരം പിൻവലിക്കണമെന്ന് ജെ എൻയു വിസി എം ജഗദീഷ്‍കുമാര്‍ പറഞ്ഞു. ക്ളാസുകൾ ജനുവരി 13 മുതല്‍ തുടങ്ങുമെന്നും വിസി പറഞ്ഞു.

ഫീസ് വര്‍ധന പിന്‍വലിക്കണമെന്നതടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയതിനു പിന്നാലെയാണ് മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ അഭ്യര്‍ത്ഥന. വിവിധ ആവശ്യങ്ങളുന്നയിച്ച് മൂന്നു മാസമായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഇത് അവസാനിപ്പിക്കണമെന്നാണ് മാനവവിഭവശേഷി മന്ത്രാലയവും സര്‍വ്വകലാശാല വിസിയും ഇപ്പോള്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ ഇന്ന് മാനവവിഭവശേഷി മന്ത്രാലയയ സെക്രട്ടറി അമിത് ഖേരയുമായി  ചര്‍ച്ച നടത്തിയിരുന്നു. ഐഷി ഘോഷ് ഉള്‍പ്പടെ നാല് പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വിസിയെ മാറ്റണം എന്നും ചര്‍ച്ചയില്‍ ഇവര്‍ ആവശ്യപ്പെട്ടു. 

അതേസമയം, ജെഎൻയുവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറിയോട് വിശദീകരിച്ചതായാണ് വൈസ് ചാൻസലര്‍ ജഗദീഷ് കുമാര്‍ പറഞ്ഞത്. വിസിയെ മാറ്റണമെന്ന ഉറച്ച നിലപാടിൽ നിൽക്കുന്ന വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാനാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ചയിൽ ധാരണയായത് എന്നാണ് വിവരം.  വിദ്യാര്‍ത്ഥികളുമായി കൂടുതൽ ചര്‍ച്ച നടത്താൻ വിസിയോട്  അമിത് ഖേര നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 

Read Also: ജെഎൻയു സംഘര്‍ഷം: പൊലീസിന്‍റെ പ്രതിപ്പട്ടികയിൽ ഐഷി അടക്കം ഏഴ് ഇടത് പ്രവര്‍ത്തകര്‍; രണ്ട് പേര്‍ എബിവിപി

Follow Us:
Download App:
  • android
  • ios