Asianet News MalayalamAsianet News Malayalam

ആഹാരത്തിനായി തിക്കിത്തിരക്കുന്ന അതിഥി തൊഴിലാളികള്‍; യുപിയില്‍ നിന്ന് മറ്റൊരു വീഡിയോ കൂടി

കൊവിഡ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കണമെന്ന് കേന്ദ്രം നിഷ്കര്‍ഷിക്കുമ്പോഴാണ് യാതൊരുവിത നിയന്ത്രണവുമില്ലാതെ അതിഥി തൊഴിലാളികള്‍ ആഹാരത്തിനായി കൂട്ടം കൂടുന്ന സ്ഥിതി ഉണ്ടായിരിക്കുന്നത്.

migrant labours scrambled for food in up video viral
Author
Lucknow, First Published May 2, 2020, 10:56 AM IST

ലക്നൗ: യുപിയിലെ പ്രയാഗ്‍രാജിലെ ഒരു കോളേജ് ഗേറ്റിന് പിന്നില്‍ വാഴപ്പഴത്തിനായി തിക്കിത്തിരക്കുന്ന അതിഥി തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൃത്യമായ വിതരണസംവിധാനത്തിന്‍റെ അപര്യാപ്തതമൂലം സാമൂഹിക അകലം പാലിക്കാതെ തമ്മില്‍ തിക്കിത്തിരക്കിയാണ് ഇവര്‍ പഴങ്ങളും ബിസ്കറ്റുകളും വെള്ളക്കുപ്പികളും കൈപ്പറ്റുന്നത്.

കൊവിഡ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കണമെന്ന് കേന്ദ്രം നിഷ്കര്‍ഷിക്കുമ്പോഴാണ് യാതൊരുവിത നിയന്ത്രണവുമില്ലാതെ അതിഥി തൊഴിലാളികള്‍ ആഹാരത്തിനായി കൂട്ടം കൂടുന്ന സ്ഥിതി ഉണ്ടായിരിക്കുന്നത്. കൃത്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കാത്തതില്‍ അധികൃതര്‍ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെ നേരിടുന്നത്. 

പ്രയാഗ് രാജിലെ സിഎവി കോളേജില്‍ നിന്ന് പകര്‍ത്തിയതാണ് വൈറലാകുന്ന ദൃശ്യങ്ങള്‍. മധ്യപ്രദേശില്‍ നിന്ന് യുപിയിലേക്ക് തിരിച്ചെത്തിച്ച അതിഥി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി സൗകര്യമൊരുക്കിയിരിക്കുന്നത് ഇവിടെയാണ്. ഇവിടെ നിന്ന് ഇവര്‍ ഇനി നാട്ടിലേക്ക് മടങ്ങും. അധികൃതര്‍ ആഹാരം ഗേറ്റിന് പുറത്തുനിന്ന് നല്‍കുകയാണ് ചെയ്യുന്നത്. യാത്ര ചെയ്ത് തളര്‍ന്നെത്തിയ അതിഥി തൊഴിലാളികള്‍ ആഹാരത്തിനായി തിക്കിത്തിരക്കുന്നത് വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെ, ഇത് ക്വാറന്‍റൈന്‍ സെന്‍ററല്ലെന്നും അതിഥി തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടി മാത്രമൊരുക്കിയ സ്ഥലമാണെന്നും പ്രയാഗ് രാജ് അധികൃതര്‍ വിശദീകരണമിറക്കി. തിരക്ക് ആരംഭിച്ചതോടെ പഴങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിയെന്നും പിന്നീട് എല്ലാവരും അതത് ബസ്സുകളില്‍കയറിയതിന് ശേഷം അവരുടെ സീറ്റില്‍ എത്തിച്ച് നല്‍കുകയാണ് ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഭക്ഷണം വിതരണം ചെയ്ത രീതിക്കെതിരെ വിമര്‍ശനവുമായി  അതിഥി തൊഴിലാളികളിലൊരാള്‍ രംഗത്തെത്തി. ''ഞാന്‍ ഭോപ്പാലില്‍ നിന്നാണ് വരുന്നത്. എനിക്ക് റായ് ബറേലിയിലേക്കാണ് പോകേണ്ടത്. പുറത്ത് പോകാന്‍ ഞങ്ങളെ അനുവദിച്ചില്ല, രാത്രി മുഴുവന്‍ കഴിക്കാന്‍ ഒന്നും തന്നെ ലഭിച്ചില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് ബിസ്കറ്റും പഴവും ലഭിച്ചു. പക്ഷേ കുടിവെള്ളം ഇപ്പോഴും പ്രശ്നമാണ്. '' മാധ്യമപ്രവര്‍ത്തകരോട് അയാള്‍ പറ‌ഞ്ഞു. 

ചായക്കും ബിസ്കറ്റിനും വെള്ളത്തിനുമായി ക്വാറന്‍റൈന്‍ സെന്‍ററിലുള്ളവര്‍ തിക്കിതിരക്കുന്ന വീഡിയോ യുപിയില്‍ നിന്ന് തന്നെ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനങ്ങള്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ യാത്രാ സംവിധാനം ഒരുക്കി വരികയാണ്. 

Follow Us:
Download App:
  • android
  • ios