സുറത്ത്: കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് പൊലീസ് മര്‍ദ്ദിച്ച അതിഥി തൊഴിലാളി മരിച്ചു. ഗുജറാത്തിലെ സുറത്തിലാണ് സംഭവം. ഒഡ‍ീഷയിലെ ഗഞ്ജം ജില്ലയില്‍ നിന്നുള്ള സത്യ സ്വെയിന്‍ ആണ് കൊല്ലപ്പെട്ടത്. തന്‍റെ നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ടി രജിസ്ട്രേഷന്‍ ചെയ്യാനായി ഒപ്പമുള്ള മറ്റ് അതിഥി തൊഴിലാളികളുമായി സത്യ പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമായതിനാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തൊഴിലാളികള്‍ കാത്തുനിന്നു. എന്നാല്‍, സ്റ്റേഷന്‍ പരിസരത്ത് നിന്ന് തൊഴിലാളികളെ മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഇതോടെ അതിവേഗം അവിടെ നിന്ന്  മാറിയ തൊഴിലാളികള്‍ അഞ്ജാനി എസ്റ്റേറ്റിലെ ക്വാര്‍ട്ടേഴ്സുകളിലേക്ക് പോയി.

എന്നാല്‍, പൊലീസ് അതിഥി തൊഴിലാളികളെ പിന്തുടര്‍ന്ന് എത്തുകയായിരുന്നു. ഏകദേശം പത്തോളം പൊലീസുകാര്‍ പൂട്ടിയിരുന്ന ഗേറ്റ് തകര്‍ത്ത് വീട്ടിലേക്ക് കയറി മര്‍ദ്ദിച്ച ശേഷം തങ്ങളെ അംറോലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നുവെന്ന് സത്യയുടെ ഒപ്പം താമസിക്കുന്നയാള്‍ പറഞ്ഞു.

പൊലീസിന്‍റെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സത്യയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും അഞ്ച് വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകനും മാത്രമാണ് സത്യക്കുള്ളത്. കുടുംബത്തെ പോറ്റാനായി ജോലിക്ക് പോയ തന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് സത്യയുടെ ഭാര്യ ആവശ്യപ്പെട്ടു.