Asianet News MalayalamAsianet News Malayalam

'എന്നോട് ക്ഷമിക്കൂ, മറ്റ് മാർ​ഗമില്ലാത്തത് കൊണ്ടാണ്': നാട്ടിലെത്താൻ സൈക്കിൾ മോഷ്ടിച്ച തൊഴിലാളിയുടെ കത്ത്

തൊഴിലാളികളുടെ നിസ്സഹായതയെയും സർക്കാരുകളുടെ പരാജയവുമാണ് ഈ സംഭവത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് സോഷ്യോളജിസ്റ്റ് രാജീവ് ഗുപ്ത പറഞ്ഞു.

migrant worker steal cycle to reach up leaves moves apology note
Author
Jaipur, First Published May 16, 2020, 4:36 PM IST

ജയ്പൂർ: കൊറോണ വൈറസിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ രാജ്യത്ത് പുരോ​ഗമിക്കുകയാണ്. ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ അടച്ചതോടെ അതിഥി തൊഴിലാളികൾ എല്ലാവരും സ്വന്തം ദേശങ്ങളിലേക്ക് മടങ്ങുകയാണ്. ആവശ്യത്തിനുള്ള വാഹന സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പലരും കാൽ നടയായിട്ടാണ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. 

എങ്ങനെയും നാട്ടിലെത്തണമെന്ന തൊഴിലാളികളുടെ ആ​ഗ്രഹം അവരെ പല കടുംകയ്യും ചെയ്യാനും പ്രേരിപ്പിക്കുന്നുണ്ട്. അത്തരത്തിലൊരു വാർത്തയാണ് രാജസ്ഥാനിലെ ഭരത്പുരില്‍ നിന്ന് പുറത്തുവരുന്നത്. മുഹമ്മദ് ഇക്ബാൽ എന്ന   തൊഴിലാളിയാണ് സ്വന്തം നാടായ യുപിയിലെ ബറേലിയിലേക്ക് മടങ്ങാൻ ഒരു മോഷണം നടത്തിയത്. 250 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ മറ്റ് മാർഗ്ഗമില്ലാത്തതിനാലാണ് ഇക്ബാൽ സൈക്കിൾ മോഷ്ടിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

ഭരത്പൂർ ജില്ലയിലെ രാര ഗ്രാമത്തിലുള്ള സഹാബ് സിം​ഗ് എന്നയാളുടെ വീട്ടിൽ നിന്നാണ് തിങ്കളാഴ്ച രാത്രി മുഹമ്മദ് ഇക്ബാൽ സൈക്കിൾ മോഷ്ടിച്ചത്. വീട്ടിലെത്താനുള്ള ആഗ്രഹത്തിലാണ് സൈക്കിൾ മോഷ്ടിച്ചതെങ്കിലും കുറ്റബോധം വേട്ടയാടിയ ഇയാൾ, സഹബ് സിംഗിനായി ഒരു ക്ഷമാപണ കത്തും എഴുതി വച്ചിരുന്നു. ഭിന്നശേഷിയുള്ള കുഞ്ഞുമൊത്ത് നാട്ടിലേക്ക് മടങ്ങാൻ വേറെ ഒരു മാർഗ്ഗവും ഇല്ലാത്തത് കൊണ്ട് ചെയ്തു പോയതാണെന്നാണ് ഇക്ബാൽ കത്തിൽ കുറിക്കുന്നത്.

'ഞാൻ നിങ്ങളുടെ കുറ്റവാളിയാണ്. പക്ഷേ, ഞാനൊരു തൊഴിലാളിയും നിസ്സഹായനുമാണ്. ഞാൻ നിങ്ങളുടെ സൈക്കിൾ എടുക്കുകയാണ്. എന്നോട് ക്ഷമിക്കൂ. എനിക്ക് ബറേലിയിൽ എത്താൻ മറ്റ് മാർഗങ്ങളില്ല, ഭിന്നശേഷിക്കാരനായ കുഞ്ഞാണ് ഒപ്പമുള്ളത്' ഇക്ബാൽ കത്തിൽ കുറിക്കുന്നു.

അതേസമയം, തൊഴിലാളികളുടെ നിസ്സഹായതയെയും സർക്കാരുകളുടെ പരാജയവുമാണ് ഈ സംഭവത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് സോഷ്യോളജിസ്റ്റ് രാജീവ് ഗുപ്ത പറഞ്ഞു.“ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനുമുമ്പ്, തൊഴിലാളികൾക്ക് അവരുടെ സ്ഥലങ്ങളിൽ എത്താൻ കഴിയുന്ന തരത്തിൽ ഗതാഗത സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിരിക്കണമായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. പല തൊഴിലാളികളും മാസങ്ങളോളം വിശക്കുന്ന് വലയുകയാണ്. അവർക്ക് തങ്ങളെയോ കുടുംബാംഗങ്ങളെയോ പോറ്റാൻ കഴിയുന്നില്ല“രാജീവ് ഗുപ്ത കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios