ദില്ലി: ലോക്ക്ഡൗണിന് ശേഷം നഗരങ്ങളിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയില്‍. ദൈനം ദിന ചെലവുകള്‍ക്ക് പോലും വക കണ്ടെത്താനാവാതെ നിരവധി പേരാണ് രാജ്യതലസ്ഥാനത്തടക്കം ദുരിതമനുഭവിക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കുന്നതിനായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചെങ്കിലും ഒരു പ്രയോജനവും കിട്ടുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. 

കൊവിഡ് ഭീതിയില്‍ രാജ്യം തന്നെ അടഞ്ഞപ്പോള്‍ പലരും  നാട്ടിലേക്ക് മടങ്ങാൻ നിര്‍ബന്ധിതനായി. ഇളവുകൾ പ്രഖ്യാപിച്ചതോടെ തിരികെയത്തിയെങ്കിലും പലര്‍ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. നിരവധി പേരാണ് ദില്ലി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഈ ലേബര്‍ചൗക്കില്‍ ജോലി പ്രതീക്ഷിച്ച് ഇരിക്കുന്നത്. തൊഴിലാളികളെ സഹായിക്കുന്നതിനായി 1.7 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യത്തിലൂടെ സര്‍ക്കാര്‍ വാഗ്ദാനത്തിലെ പൊള്ളത്തരം ഇവര്‍ നേരിട്ടനുഭവിക്കുകയാണ്. സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും നടപ്പാകുന്നില്ലെന്നും സര്‍ക്കാര്‍തൊഴിലവസരങ്ങള്‍ നല്‍കുന്നില്ലെന്നും ഇവര്‍ പറയുന്നു. 

ലോക്ക് ഡൗണില്‍ രാജ്യത്തെ അസംഘടിത മേഖലയില്‍ മാത്രം 9.12 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്ക്. അണ്‍ലോക്കില്‍ തിരിച്ചുവരവ് നടക്കുമ്പോഴും 67 ലക്ഷം തൊഴിലാളികള്‍ ഇപ്പോഴും തെഴിലില്ലായ്മ നേരിടുന്നുവെന്നും കണക്ക് വ്യക്തമാക്കുന്നു.

പലായനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട നിരവധി പേരുടെ കുടുംബം നിരാലംബമായി. ഇവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് മരിച്ചവരുടെ കണക്ക് അറിയില്ലെന്ന് രേഖാമൂലം മറുപടി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലോക്സഭയില്‍ കൈമലര്‍ത്തുകയായിരുന്നു