ദില്ലി: അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യക്ക് ദോഷമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. കൊവിഡ് 19ന്റെ വേഗതയിലുള്ള വ്യാപനത്തിന് കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുവരവ് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും സമാന സാഹചര്യമുണ്ടെന്നും ലോകബാങ്ക് നിരീക്ഷിച്ചു. സൗത്ത് ഏഷ്യ എക്കണോമിക് അപ്‌ഡേറ്റ് ഇംപാക്ട് ഓഫ് കൊവിഡ് 19 എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ലോകത്ത് തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയാണ് ദക്ഷിണേഷ്യന്‍ പ്രദേശങ്ങള്‍. നഗരങ്ങളിലെ ജനസംഖ്യ ഭീമമാണ്.  കൊവിഡിന്റെ സമൂഹിക വ്യാപനം തടയുന്ന പ്രവര്‍ത്തനങ്ങളെ തൊഴിലാളികളുടെ തിരിച്ചുവരവ് പ്രതിസന്ധിയിലാക്കും. ചേരി നിവാസികളും അതിഥി തൊഴിലാളികളിലും രോഗവ്യാപന സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിഥി തൊഴിലാളികളുടെ ഒഴുക്ക് മറ്റ് സംസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വൈറസ് വേഗത്തിലെത്തും. ലോക്ക്ഡൗണ്‍ പോളിസി ലക്ഷണങ്ങളുടെ ദൈംനദിന ജീവിതത്തെ ബാധിച്ചെന്നും ഇത് വലിയ രീതിയില്‍ തിരിച്ചുപോക്കിനുള്ള കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ കിലോമീറ്ററുകളോളം ആളുകള്‍ കാല്‍നടയായി യാത്ര ചെയ്ത് സ്വന്തം നാടുകളിലെത്തി. സൗകര്യങ്ങള്‍ നല്‍കി, അതിഥി തൊഴിലാളികളുടെ തിരിച്ചുള്ള പോക്ക് തടയണമെന്നും വീട്ടിലെത്താനായി ദീര്‍ഘദൂരം കാല്‍നടയായും മറ്റും യാത്ര ചെയ്യുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും ചെയ്ത് കൊടുക്കണമെന്നും പറയുന്നു. വീട്ടില്‍ പോകാന്‍ ആഗ്രഹമുള്ള അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. നാല് ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങി കിടക്കുന്നത്.