ദില്ലി: അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് അരവിന്ദ് കെജ്‍രിവാൾ ജനസ്സമ്മതി നേടുന്നത്. പിന്നീട് ദില്ലിയുടെ മുഖ്യമന്ത്രി പദത്തിലെത്തിയപ്പോളും ജനസമ്മതി വർദ്ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൂന്നാം തവണയും ദില്ലിയെ ഭരിക്കാൻ കെജ്‍രിവാൾ തന്നെയാണ് അനുയോജ്യൻ എന്ന് ജനങ്ങൾ തീരുമാനിച്ചതായാണ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തുന്ന ഇന്ന് ഒരു 'മിനി കെജ്‍രിവാൾ' ആണ് ട്വിറ്ററിൽ താരമായിക്കൊണ്ടിരിക്കുന്നത്. കെജ്‍രിവാളിനെപ്പോലെ തന്നെ തൊപ്പി വച്ച്, കഴുത്തിൽ മഫ്ളർ ചുറ്റി, കണ്ണട വച്ച്, മെറൂൺ കളറിലുളള ജാക്കറ്റുമായി, കുഞ്ഞു താടി മീശ വരച്ച് ചേർത്ത്, ഈ 'മിനി കെജ്‍രിവാൾ' ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വോട്ടെണ്ണൽ ആരംഭിച്ച നിമിഷങ്ങൾക്കുള്ളിലാണ് ആം ആദ്മി പാർട്ടി തങ്ങളുടെ ട്വിറ്റർ പേജിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. 'മഫ്ളർ മാൻ' എന്നാണ് ഈ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 2500 ലൈക്കുകളും നൂറുകണക്കിന് ഷെയറുകളുമാണ് ഈ ഫോട്ടോ നേടിയിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിലെ നിരവധി ആരാധകർ കെജ്‍രിവാളിനെ മഫ്ളർ മാൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ശനിയാഴ്ച വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴും തന്റെ മഫ്ളർ‌ ചുറ്റിയാണ് ദില്ലി മുഖ്യമന്ത്രി എത്തിയത്. ബിജെപിയുടെ സുനിൽ യാദവിനും കോൺ​ഗ്രസിന്റെ റോമേഷ് സബർവാളിനുമെതിരെയാണ് കെജ്‍രിവാൾ മത്സരിച്ചത്.