മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കം നിലനിൽക്കെ കർണാടക കോൺഗ്രസിൽ പുതിയ പ്രതിസന്ധി. മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് 38 യുവ എംഎൽഎമാർ പാർട്ടി നേതൃത്വത്തിന് കത്തയച്ചു.
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കം തുടരുന്നതിനിടെ കർണാടക കോൺഗ്രസിൽ പുതിയ തലവേദന. യുവ എംഎൽഎമാരുടെ അപ്രതീക്ഷിത നീക്കം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മന്ത്രിസഭാ പുനഃസംഘടനയിൽ തങ്ങൾക്കും പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി നിയമസഭയിൽ എത്തിയ 38 ആദ്യകാല എംഎൽഎമാർ പാർട്ടി നേതൃത്വത്തിന് കത്തയച്ചു. 2023ലെ തെരഞ്ഞെടുപ്പ് വിജയം പുതിയതും യുവത്വമുള്ളതുമായ നേതൃത്വത്തിനുള്ള ജനവിധിയാണെന്ന് എംഎൽഎമാർ അവകാശപ്പെടുന്നു. നിലവിലെ 34 അംഗ മന്ത്രിസഭയിൽ തങ്ങളിൽ ഒരാൾ പോലും ഉൾപ്പെട്ടിട്ടില്ലെന്നത് അനീതിയണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിസഭയിൽ കുറഞ്ഞത് അഞ്ച് പുതുമുഖങ്ങളെയെങ്കിലും ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. പരിചയസമ്പത്തും യുവത്വവും ഒത്തുചേരുന്നത് ഭരണത്തിന് ഗുണം ചെയ്യുമെന്ന് ഇവർ വാദിക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവർ മുഖ്യമന്ത്രിമാരോ മന്ത്രിമാരോ ആയിട്ടുണ്ടെന്നും അതുകൊണ്ട് പരിചയക്കുറവ് തങ്ങളെ മാറ്റിനിർത്താൻ കാരണമാകരുത് എന്നും കത്തിൽ പറയുന്നു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർക്കും കത്തയച്ചിട്ടുണ്ട്.
സിദ്ധരാമയ്യ - ഡി കെ എസ് തർക്കം മുറുകുന്നു
യുവ എംഎൽഎമാരുടെ ഈ നീക്കം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് രണ്ട് പ്രമുഖ നേതാക്കൾ തമ്മിലുള്ള പോര് ശക്തമാകുന്നതിനിടയിലാണ്. തന്നെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനും കരിയർ അവസാനിപ്പിക്കാനും ചില ശക്തരായ നേതാക്കൾ കുതന്ത്രങ്ങൾ മെനയുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചത് വലിയ ചർച്ചയായി. ഇത് ഡി കെ. ശിവകുമാറിനെ ലക്ഷ്യം വെച്ചാണെന്നാണ് വിലയിരുത്തൽ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും അധികാരം നിലനിർത്താൻ പാർട്ടിക്കുള്ളിലെ ഈ ഭിന്നത പരിഹരിക്കേണ്ടത് അനിവാര്യമാണ്. ഹൈക്കമാൻഡ് ഇടപെട്ട് ഇരു നേതാക്കളോടും തർക്കങ്ങൾ അവസാനിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ല. യുവ എംഎൽഎമാരുടെ പുതിയ ആവശ്യം കൂടി പരിഗണിക്കേണ്ടി വരുന്നത് സിദ്ധരാമയ്യക്കും ശിവകുമാറിനും ഒരേപോലെ വെല്ലുവിളിയാണ്. ആരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി പുതിയ ആളുകളെ ഉൾപ്പെടുത്തും എന്നതിനെച്ചൊല്ലി വരും ദിവസങ്ങളിൽ കൂടുതൽ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.


