സമരത്തിനിടെ കാണാതായവരെ കണ്ടെത്താനും പാര്‍ട്ടി സഹായം നല്‍കും. മുതിര്‍ന്ന നേതാവ് വിവേക് തന്‍ഖയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമ വിഭാഗത്തിന്റെ യോഗത്തിലാണ് തീരുമാനം. 

ദില്ലി: സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നിയമസഹായം നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. പ്രക്ഷോഭത്തെ തുടര്‍ന്ന് ദില്ലി പൊലീസ് കസ്റ്റിഡിയിലെടുത്തവര്‍ക്കാണ് കോണ്‍ഗ്രസ് നിയമസഹായം നല്‍കുന്നത്. സമരത്തിനിടെ കാണാതായവരെ കണ്ടെത്താനും പാര്‍ട്ടി സഹായം നല്‍കും. മുതിര്‍ന്ന നേതാവ് വിവേക് തന്‍ഖയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമ വിഭാഗത്തിന്റെ യോഗത്തിലാണ് തീരുമാനം. പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് നിയമവിഭാഗ തലവന്മാര്‍ കര്‍ഷക സമരത്തിന്റെ നേതാക്കളെ സന്ദര്‍ശിക്കാനും തീരുമാനിച്ചു.

സമരവേദിയിലെത്തിയായിരിക്കും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക. പാര്‍ട്ടിയിലെ അഭിഭാഷകര്‍ മുഖേനയാണ് കോണ്‍ഗ്രസ് നിയമസഹായം നല്‍കുക. ഇതിനായി പഞ്ചാബ്, ദില്ലി, ഹരിയാന, യുപി എന്നിവിടങ്ങളില്‍ കമ്മിറ്റി രൂപീകരിക്കും. സമരം നടക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയതിനെതിരെയും ഹര്‍ജി ഫയല്‍ ചെയ്യും.