തമിഴ്തായ് വാഴ്ത്ത് തന്നെ ഇനി ആദ്യം ആലപിക്കുമെന്ന് മന്ത്രി ആധവ് അർജുന. ദേശീയ ഗാനം അവസാനം ആലപിക്കുമെന്നും വന്ദേമാതരം ആലപിച്ചത് ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണെന്നും മന്ത്രി. 

ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‍യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്തായ് വാഴ്ത്തിന് മുമ്പ് വന്ദേമാതരം ആലപിച്ചതിനെ ചൊല്ലി ഉടലെടുത്ത വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ആധവ് അർജുന. തമിഴ്തായ് വാഴ്ത്ത് തന്നെ ഇനി ആദ്യം ആലപിക്കുമെന്ന് മന്ത്രി ആധവ് അർജുന വ്യക്തമാക്കി. ദേശീയ ഗാനം അവസാനം ആലപിക്കുമെന്നും വന്ദേമാതരം ആലപിച്ചത് ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണെന്നും മന്ത്രി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വന്ദേമാതരം ആദ്യം ചൊല്ലുന്നതിൽ ഗവർണറെ ആവർത്തിച്ച് എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ സർക്കുലർ പാലിക്കണം എന്നായിരുന്നു മറുപടി. ഭാവിയിൽ ഇത്‌ അനുവദിക്കില്ല. രാജ്യത്ത് എല്ലായിടത്തും സംസ്ഥാന ഗാനം ആദ്യം ആലപിക്കണം. കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നും എല്ലാ കീഴ്വഴക്കങ്ങളും ടിവികെ സർക്കാർ പിന്തുടരുമെന്നും മന്ത്രി പറഞ്ഞു. വിജയ്‌‍യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെ ചൊല്ലിയാണ് വൻ രാഷ്ട്രീയ വിവാദം ഉടലെടുത്തത്. 

ദേശീയ ഗാനത്തിനും തമിഴ് തായ് വാഴ്ത്തിനും മുൻപായി വന്ദേമാതരത്തിൻ്റെ പൂർണ രൂപം ആലപിച്ചത് ബിജെപിയെ പ്രീതിപ്പെടുത്താനാണെന്ന് ഡിഎംകെ ആരോപിച്ചു. പ്രോട്ടോക്കോൾ മാറ്റം അന്വേഷിക്കണമെന്നും തമിഴ് തായ് വാഴ്ത്ത് മൂന്നാമതാകുന്നത് അംഗീകരിക്കാനാകില്ലെന്നും ടിവികെയെ പിന്തുണയ്ക്കുന്ന കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ പാർട്ടികൾ വ്യക്തമാക്കി. ബംഗാളിലെ സത്യപ്രതിജ്ഞയിൽ പോലും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ ഗവർണർമാർ പങ്കെടുക്കുന്ന പരിപാടിയിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവുണ്ടെന്നാണ് ടിവികെയുടെ അനൗദ്യോഗിക പ്രതികരണം. വന്ദേമാതരം ആലപിച്ചപ്പോൾ വിജയ്‍യും രാഹുൽ ഗാന്ധിയും കൂടെ പാടാൻ ശ്രമിച്ചില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

YouTube video player