ടിവികെ പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് മന്ത്രി കീർത്തന സമ്പത്ത്. നിലവിലെ വിജയ് മന്ത്രിസഭയിലെ ഏക വനിത ആണ് കീർത്തന.
ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ ടിവികെ പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് മന്ത്രി കീർത്തന സമ്പത്ത്. തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പിന്തുണ ടിവികെയ്ക്കാണ് ലഭിച്ചത്. ശിവകാശിയിലെ പടക്കശാലകളിൽ 70 ശതമാനം വരെ അപകടങ്ങൾ കുറയ്ക്കുയാണ് ലക്ഷ്യം എന്നും കീർത്തന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിലെ വിജയ് മന്ത്രിസഭയിലെ ഏക വനിത ആണ് കീർത്തന.

29ാം വയസിലാണ് കീർത്തനയ്ക്ക് മന്ത്രിപദം ലഭിച്ചിരിക്കുന്നത്. ടിവികെയിലെ 13 വനിത എംഎൽഎമാരിൽ വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ അവസരം കിട്ടിയത് കീർത്തന സമ്പത്തിനു മാത്രമാണ്. സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദധാരിയായ കീർത്തന തെരഞ്ഞെടുപ്പ് തന്ത്രഞ്ജർക്കൊപ്പം തമിഴ്നാട്ടിലും ബംഗാളിലും ആന്ധ്രയിലും പ്രവൃത്തിച്ച ശേഷമാണ് ടിവികെയിൽ ചേർന്നത്. മധ്യവർഗ കുടുംബംഗാമായ തനിക്ക് കഴിഞ്ഞ ഒരു മാസം സ്വപ്ന പോലെയെന്ന് കീർത്തന പറഞ്ഞു.
സ്ത്രീവോട്ടർമാർ വിജയ്‍യിൽ അർപ്പിച്ച വിശ്വാസം കാരണമാണ് തന്നെ പോലെയുള്ള പുതുമുഖങ്ങൾക്ക് ജയിക്കാനായത്. സ്ത്രീസുരക്ഷയ്ക്കുള്ള ദൗത്യസേന തുടക്കം മാത്രമാണ്. സർക്കാരിൻ്റെ ഭാഗം ആയ എല്ലാവർക്കും വിജയ് നൽകിയത് ഒരേയൊരു ഉപദേശം മാത്രമാണ്. കഠിനമായി അധ്വാനിക്കണമെന്നും പ്രതീക്ഷ നഷ്ടമാക്കരുതെന്നുമായിരുന്നു ഉപദേശം. ശിവകാശിയിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് മുൻഗണന നൽകും. പടക്കശാല അപകടങ്ങൾ 50-70 ശതമാനം കുറയ്ക്കണം. അതിനായി നാട്ടുകാരെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കുമെന്നും കീർത്തന പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷ കാരണം ആണ് ജയിച്ചതെന്ന് വിജയ് പറഞ്ഞു. പ്രതീക്ഷ നഷ്ടമാക്കരുതെന്ന് ഉപദേശിച്ചു. കഠിനമായി അധ്വാനിക്കണം എന്നതാണ് മുഖ്യമന്ത്രിയുടെ ഉപദേശം. ജനസേവകരാകണം എന്ന് വിജയ് നിർദേശിച്ചുവെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

