ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും വ്യാപക നാശം വിതയ്ക്കുന്നു. അസം, ഛത്തീസ്‌ഗഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി പേർ മരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. ദുരന്തബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 2,117.85 കോടി രൂപയുടെ സഹായം മുൻകൂട്ടി അനുവദിച്ചിട്ടുണ്ട്.
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും പ്രളയത്തിലും വ്യാപക നാശനഷ്ടം. അസം, ഛത്തീസ്‌ഗഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനജീവിതം പൂർണ്ണമായും ദുസ്സഹമായി. ദുരന്തബാധിത സംസ്ഥാനങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് 2,117.85 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂട്ടി അനുവദിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ അമ്പതോളം വീടുകളാണ് ഛത്തീസ്‌ഗഡിൽ തകർന്നത്. തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ 7 പേർ മരിച്ചു. പ്രളയഭീഷണി നിലനിൽക്കുന്നതിനാൽ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അസമിലും സ്ഥിതി രൂക്ഷമാണ്. പ്രളയത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. ലക്ഷക്കണക്കിന് ആളുകളാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷയിൽ 20 ജില്ലകളിലായി എട്ടു ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. ഹിമാചൽ പ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ജമ്മു കശ്‌മീരിൽ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നു. ഇതോടെ നദീതീരങ്ങളിൽ തിങ്ങിപ്പാർക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ വടക്കൻ ദില്ലിയിൽ രാവിലെ റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രളയബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രം തുക മുൻകൂട്ടി കൈമാറിയിട്ടുണ്ട്. കൂടാതെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിലെ പ്രളയ സാഹചര്യം നേരിട്ട് വിലയിരുത്താനായി പ്രത്യേക മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. സാഹചര്യം നേരിട്ട് വിലയിരുത്തിയ ശേഷമായിരിക്കും കേരളത്തിന് സഹായം നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കുക.


