ചണ്ഡീഗഢിൽ ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യ മൻവീന്ദർ കൗറിന് വാടകക്കാരന്റെ വെടിയേറ്റു. 36 വർഷമായി ഫ്ലാറ്റിൽ താമസിക്കുന്ന അഭിഭാഷകനായ ജെ.പി.എസ്. ഛദ്ദയാണ് ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവെച്ചത്.
ദില്ലി : ചണ്ഡീഗഢിൽ ഫ്ലാറ്റ് ഒഴിപ്പിക്കാൻ എത്തിയ വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വാടകക്കാരൻ വെടിവെച്ചു. വീട്ടുടമ രാജിന്ദർ സിങ്ങിൻ്റെ ഭാര്യ മൻവീന്ദർ കൗറിനാണ് വെടിയേറ്റത്. വാടകക്കാരനായ അഭിഭാഷകൻ പിടിയിലായി. ലൈസൻസുള്ള തോക്കുപയോഗിച്ചാണ് വാടകക്കാരനായ ജെ. പി. എസ്. ഛദ്ദ വെടിവച്ചത്. ഏറെക്കാലമായി വാടക വീട് ഒഴിയാതിരുന്ന ഛദ്ദയെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കാനാണ് മൻവീന്ദർ ഉദ്യോഗസ്ഥർക്കൊപ്പം എത്തിയത്.
കഴിഞ്ഞ 36 വർഷമായി ഫ്ലാറ്റിൽ താമസിച്ചുവരികയാണ് വാടകക്കാരനായ ജെ.പി.എസ്. ഛദ്ദ. ഇയാളെ ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി വീട്ടുടമസ്ഥൻ രജീന്ദർ സിങ്ങിന്റെ ഭാര്യ മൻവീന്ദർ കൗർ, കോടതി ബെയിലിഫിനും പോലീസിനുമൊപ്പം ഫ്ലാറ്റിലെത്തുകയായിരുന്നു.
നിരന്തരം വാതിലിൽ മുട്ടിയിട്ടും തുറക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് പോലീസ് പൂട്ട് പൊളിച്ച് അകത്തുകയറാൻ ശ്രമിച്ചപ്പോഴാണ് ബാൽക്കണിയിൽ നിന്ന് സംഘത്തിന് നേരെ വെടിയുതിർത്തത്. തന്റെ ലൈസൻസുള്ള തോക്കിൽ വീണ്ടും തിരകൾ നിറയ്ക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ചദ്ദയെ കീഴടക്കി അറസ്റ്റ് ചെയ്തു.
ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ചദ്ദയും വീട്ടുടമസ്ഥനും തമ്മിൽ കാലങ്ങളായി നിലനിന്നിരുന്ന തർക്കത്തെത്തുടർന്നാണ് സംഭവം ഉണ്ടായത്. എന്നാൽ, കേസിൽ തങ്ങൾക്ക് അനുകൂലമായി സ്റ്റേ ഓർഡർ ഉണ്ടെന്നും ചിലർ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയായിരുന്നുവെന്നും ചദ്ദയുടെ മകൻ ആരോപിച്ചു. കേസിന്റെ അടുത്ത കോടതി വാദം കേൾക്കൽ ഓഗസ്റ്റ് 3-ന് നിശ്ചയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

