തമിഴ്‌നാട് വ്യവസായ മന്ത്രി കീർത്തന സമ്പത്ത് സർക്കാർ സ്കൂൾ വിദ്യാർഥിനിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ ചോദ്യം ചെയ്തത് രാഷ്ട്രീയ വിവാദമായി. മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസം തകർന്നുവെന്നതിന്‍റെ തെളിവാണിതെന്ന് മന്ത്രി ആരോപിച്ചപ്പോൾ, രാഷ്ട്രീയ നേട്ടത്തിനായി കുട്ടിയെ അപമാനിച്ചുവെന്ന് ഡിഎംകെ തിരിച്ചടിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വ്യവസായ മന്ത്രി കീർത്തന സമ്പത്ത് സർക്കാർ സ്കൂളിലെ വിദ്യാർഥിനിയോട് സംസാരിക്കുന്ന വീഡിയോയെ ചൊല്ലി രാഷ്ട്രീയ വിവാദം. കുട്ടിക്ക് ലളിതമായ ചോദ്യങ്ങൾക്ക് പോലും ഇംഗ്ലീഷിൽ മറുപടി നൽകാൻ കഴിയുന്നില്ലെന്ന് മന്ത്രി അധ്യാപികയോട് പറയുന്നതാണ് വീഡിയോയിലുള്ളത്. കുട്ടിയുടെ ഇംഗ്ലീഷ് പരിജ്ഞാനക്കുറവ് മുൻ ഡി എം കെ സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്തെ എത്രത്തോളം അവഗണിച്ചു എന്നതിന്റെ തെളിവാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജൂലൈ രണ്ടിന് വിരുതുനഗർ ജില്ലയിലെ സർക്കാർ സ്കൂളിൽ മന്ത്രി നടത്തിയ സന്ദർശനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'അച്ഛൻ എന്താണ് ചെയ്യുന്നത്?' എന്ന് മന്ത്രി കീർത്തന വിദ്യാർഥിനിയോട് ചോദിച്ചു. എന്നാൽ കുട്ടിക്ക് പെട്ടെന്ന് മറുപടി നൽകാൻ സാധിച്ചില്ല. തുടർന്ന് കുട്ടിയോട് ചോദ്യങ്ങൾ ചോദിക്കാൻ മന്ത്രി അധ്യാപികയോട് ആവശ്യപ്പെടുകയും അധ്യാപിക ചോദ്യങ്ങൾ ഇംഗ്ലീഷിൽ ആവർത്തിക്കുകയും ചെയ്തു. ഇതോടെ അല്പം മടിയോടെയാണെങ്കിലും അച്ഛന്റെ പേരും ജോലിയും ഉൾപ്പെടെയുള്ള ഏതാനും ചോദ്യങ്ങൾക്ക് കുട്ടി മറുപടി നൽകി.

ഈ സംഭവത്തെ മന്ത്രി കീർത്തന മുൻ ഡി എം കെ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി. കുട്ടിയുടെ ഇംഗ്ലീഷ് പരിജ്ഞാനക്കുറവ് മുൻ ഡിഎംകെ സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്തെ എത്രത്തോളം അവഗണിച്ചു എന്നതിന്റെ തെളിവാണെന്ന് അവർ ആരോപിച്ചു. ഡിഎംകെ ഭരണ കാലത്ത് സർക്കാർ സ്കൂളുകളുടെ നിലവാരം തകർന്നുവെന്നതിന്‍റെ തെളിവാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മന്ത്രി കൊച്ചു കുട്ടിയെ പരസ്യമായി അപമാനിച്ചെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. മന്ത്രിയുടെ പെരുമാറ്റം തികച്ചും വിവേചനരഹിതവും ക്രൂരവുമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. കുട്ടിയെ കുറ്റപ്പെടുത്തുന്നതിന് പകരം അവളെ പ്രോത്സാഹിപ്പിക്കുകയാണ് മന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ താൻ വിദ്യാർഥിനിയെ മനഃപൂർവം പരിഹസിച്ചുവെന്ന ആരോപണം മന്ത്രി കീർത്തന നിഷേധിച്ചു. താനും ഒരു സർക്കാർ സ്കൂളിലാണ് പഠിച്ചതെന്നും തമിഴ് മീഡിയത്തിലായിരുന്നു വിദ്യാഭ്യാസമെന്നും മന്ത്രി എക്സിൽ കുറിച്ചു. കോർപ്പറേറ്റ് ലോകത്തേക്ക് കടന്നപ്പോൾ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും എന്നാൽ നിരന്തരമായ ശ്രമങ്ങളിലൂടെയാണ് അത് പഠിച്ചെടുത്തതെന്നും മന്ത്രി കുറിച്ചു.

Scroll to load tweet…

വീഡിയോ താൻ ചിത്രീകരിച്ചതല്ലെന്നും മാധ്യമപ്രവർത്തകരാണ് അത് പകർത്തിയതെന്നും കീർത്തന പറഞ്ഞു. വിമർശിക്കുന്നവരിൽ എത്ര പേർ തങ്ങളുടെ മക്കളെ സർക്കാർ സ്കൂളുകളിൽ അയക്കുന്നുണ്ടെന്ന് അവർ തിരിച്ചടിച്ചു. സർക്കാർ സ്കൂളുകളുടെ യഥാർത്ഥ അവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്തതെന്നും തന്നെ പരിഹസിക്കുന്നവർ യഥാർത്ഥത്തിൽ ലക്ഷക്കണക്കിന് വരുന്ന തമിഴ് മീഡിയം വിദ്യാർഥികളെയാണ് ആക്ഷേപിക്കുന്നതെന്നും തന്റെ സ്കൂൾ കാലഘട്ടത്തിലെ ചിത്രം പങ്കുവെച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

Scroll to load tweet…