ഡിജിറ്റൽ ആശയവിനിമയം ശക്തമാക്കുന്നതിനായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ പുതിയ ഏജൻസിയെ നിയമിക്കാനൊരുങ്ങി ആർ.ബി.ഐ. പോഡ്‌കാസ്റ്റുകൾ, ഡിജിറ്റൽ ഉള്ളടക്കം, 24 മണിക്കൂർ നിരീക്ഷണം എന്നിവയാണ് പ്രധാന ചുമതലകൾ. സുതാര്യത ഉറപ്പാക്കാൻ സ്വതന്ത്ര നിരീക്ഷകരെയും നിയമിച്ചുകൊണ്ട് നവംബർ 6 വരെയാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

മുംബൈ: ഡിജിറ്റൽ രംഗത്തെ വാർത്താവിനിമയവും ജനങ്ങളുമായുള്ള ആശയവിനിമയവും കൂടുതൽ ശക്തമാക്കുന്നതിനായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ പുതിയ എജൻസിയെ നിയമിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പോഡ്‌കാസ്റ്റുകൾ നിർമ്മിക്കുക, ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുക, ഓൺലൈൻ സംഭാഷണങ്ങൾ നിരീക്ഷിക്കുക, പൊതുജനങ്ങളുടെ സംശയങ്ങൾക്കും പ്രതികരണങ്ങൾക്കും മറുപടി നൽകുക തുടങ്ങിയ ചുമതലകൾക്കായിരിക്കും ഏജൻസിയെ ചുമതലപ്പെടുത്തുക.

24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ തന്ത്രങ്ങൾ ആവിഷ്കരിക്കുക, വിവിധ പ്ലാറ്റ്‌ഫോമുകൾക്കായി ക്രിയേറ്റീവുകൾ തയ്യാറാക്കുക, വിശകലനം നടത്തുക, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയും കരാറിന്റെ ഭാഗമായിരിക്കും. അടിയന്തര സാഹചര്യങ്ങളിലോ ക്രിയേറ്റീവ് വിഷയങ്ങളിലോ പ്രൊഫൈൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യേണ്ടിവന്നാൽ അതിനുള്ള നടപടികളും ഏജൻസി കൈകാര്യം ചെയ്യണമെന്ന് ആർ.ബി.ഐ. വ്യക്തമാക്കുന്നു.

ഒക്ടോബർ 7-നാണ് ഇത് സംബന്ധിച്ച ടെൻഡർ നടപടികൾ ആരംഭിച്ചത്. നവംബർ 6 ഉച്ചയ്ക്ക് 12 മണിവരെ ബിഡുകൾ സമർപ്പിക്കാം. തുടർന്ന് നവംബർ 9 ഉച്ചയ്ക്ക് 12 മണിക്ക് ബിഡുകൾ തുറക്കും. ടെക്നിക്കൽ, കൊമേഴ്സ്യൽ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് ബിഡ്ഡിംഗ് നടക്കുക. ടെക്നിക്കൽ മൂല്യനിർണ്ണയത്തിൽ യോഗ്യത നേടുന്ന സ്ഥാപനങ്ങളിൽ നിന്ന് ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന ഏജൻസിക്കായിരിക്കും കരാർ നൽകുക. സെൻട്രൽ പബ്ലിക് പ്രൊക്യൂർമെന്റ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

ടെൻഡർ നടപടികളുടെ സുതാര്യത ഉറപ്പുവരുത്താൻ മുൻ ഐ.ആർ.എസ്. ഉദ്യോഗസ്ഥൻ നാഗേശ്വർ റാവു കൊറിപ്പല്ലി, മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ പ്രമോദ് ശ്രീപദ് ഫൽനികർ എന്നിവരെ സ്വതന്ത്ര എക്സ്റ്റേണൽ മോണിറ്റർമാരായി ആർ.ബി.ഐ. നിയമിച്ചിട്ടുണ്ട്. കരാർ തുകയോ കാലാവധിയോ ടെൻഡർ നോട്ടീസിൽ കൃത്യമായി വ്യക്തമാക്കിയിട്ടില്ല.