ദില്ലി: വാർധക്യ പെൻഷൻ കൊവിഡ് ഫണ്ടിലേക്ക് മാറ്റുമെന്ന പ്രചരണം തെറ്റെന്ന് കേന്ദ്രമന്ത്രി  ജിതേന്ദ്ര സിംഗ്. മുതിർന്ന പൗരന്മാരുടെ പെൻഷൻ വെട്ടിക്കുറക്കുന്നതിനെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. കൂടാതെ ലോക്ക് ഡൗണിൽ മുടങ്ങിയ യുപിഎസ്സി, എസ്‍എസ്‍സി പരീക്ഷകളുടെ പുതുക്കിയ തീയതി മെയ് 3 ന് ശേഷം അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു. പരീക്ഷകള്‍ റദ്ദാക്കില്ലെന്ന് നേരത്തെ യുപിഎസ്‍സി വ്യക്തമാക്കിയിരുന്നു. പുതിയ ഷെഡ്യൂള്‍ അനുസരിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക. 

അതേസമയം ദേശീയ ലോക്ക് ഡൗണിലെ ഇളവുകൾ നാളെ നിലവിൽ വരാനിരിക്കെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടിയിതിൽ സർക്കാര്‍ ആശങ്കയിലാണ്. ഒറ്റ ദിവസം രണ്ടായിരത്തിലധികം കേസുകൾ കൂടിയത് കേന്ദ്രം വിലിയിരുത്തും. ദില്ലിയിൽ ലോക്ക് ഡൗണിൽ ഇളവുകൾ നല്‍കില്ലെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിൻ, വിമാന സർവ്വീസുകൾ ഏറ്റവും അവസാന ഘട്ടത്തിൽ തുടങ്ങിയാൽ മതിയെന്ന ശുപാർശ മന്ത്രിമാരുടെ സമിതി പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.