മുംബൈ: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. മുംബൈ സര്‍വകലാശാല‌യിലെ അക്കാദമി ഓഫ് തിയറ്റര്‍ ആര്‍ട്സ് ഡയറക്ടര്‍ യോഗേഷ് സോമനാണ് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധിക്കെതിരെ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ യോഗേഷിന് സര്‍വകലാശാല നിര്‍ബന്ധിത അവധി നൽകി‌യിരുന്നു.

"അധ്യാപകൻ രാഹുൽ ഗാന്ധിക്കെതിരെ നിന്ദ്യമായ പ്രസ്താവന നടത്തി. വിദ്യാർത്ഥികളെ പഠിപ്പിക്കുക, ഇത്തരം പ്രസ്താവനകൾ നടത്താതിരിക്കുക എന്നതാണ് ഒരു അധ്യാപകന്റെ ജോലി. യോഗേഷിനെ നിർബന്ധിത അവധി നൽകിയിട്ടുണ്ട്. ഉടൻ തന്നെ അധ്യാപകനെതിരെ നടപടിയെടുക്കും"അനിൽ ദേശ്മുഖ് പറഞ്ഞു.

രാഹുല്‍ ​ഗാന്ധി നടത്തിയ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ യോഗേഷ് ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ സര്‍വകലാശാല‌ നടപടിയെടുത്തത്. മാത്രമല്ല രാഹുലിന്റെ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തെ പറ്റിയും യോഗേഷ് വീഡിയോയിൽ കുറ്റപ്പെടുത്തിയിരുന്നു.

Reada Also: 'താങ്കൾ ​ഗാന്ധിയല്ല, വെറും'പപ്പു​ഗിരി': രാഹുലിനെതിരെ പ്രസ്താവന നടത്തിയ അധ്യാപകന് നിര്‍ബന്ധിത അവധി

"നിങ്ങൾ പറഞ്ഞത് ശരിയാണ്, നിങ്ങൾ സവർക്കർ അല്ല. അദ്ദേഹത്തിന്റെ സമർപ്പണം, ത്യാഗം, വീര്യം ഇതൊന്നും നിങ്ങളിൽ ഇല്ല. എന്നാൽ താങ്ങളെ ​ഗാന്ധി എന്ന് വിളിക്കാനും ഒന്നുമില്ല. നിങ്ങൾ വെറും 'പപ്പുഗിരി' മാത്രമാണ്"എന്നായിരുന്നു യോഗേഷ് വീഡിയോയിൽ പറഞ്ഞിരുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.